കലൂര്‍ സ്റ്റേഡിയത്തിലെ ഗിന്നസ് നൃത്തപരിപാടി; കണക്കുകളില്‍ അന്വേഷണം ആരംഭിച്ച്‌ പൊലീസ്; ദിവ്യ ഉണ്ണിയെ ചോദ്യം ചെയ്യും

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ സാമ്പത്തിക ക്രമക്കേട് കേസില്‍ നടി ദിവ്യ ഉണ്ണിയെ ചോദ്യം ചെയ്യാൻ പൊലീസ്.

സാമ്പത്തിക കണക്കുകള്‍ പരിശോധിച്ച ശേഷമാകും ചോദ്യം ചെയ്യല്‍. സ്റ്റേഡിയത്തിലെ ഗിന്നസ് നൃത്തപരിപാടിയുമായി ബന്ധപ്പെട്ട് വരവ് ചെലവ് കണക്കുകള്‍ പൊലീസ് പരിശോധിക്കുന്നു.

പരിപാടിയുടെ ഗുഡ്‌വില്‍ അംബാസിഡർ എന്നതിനപ്പുറം സാമ്പത്തിക ലാഭം ദിവ്യ ഉണ്ണിക്ക് ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കും.
പരിപാടിയ്ക്കിടെ ഉമ തോമസ് എംഎല്‍എ അപകടത്തില്‍പ്പെട്ടതാണ് ക്രമക്കേടുകള്‍ പുറത്തുവരാൻ കാരണമായത്.

അന്വേഷണത്തെ തുടർന്ന് പിടിയിലായ സംഘാടകൻ മൃദംഗ വിഷൻ ഉടമ നിഗോഷ് കുമാറിൻ്റെ മൊഴി നേരത്തെ പുറത്തു വന്നിരുന്നു. പരിപാടിക്കായി ലഭിച്ച പണം പലർക്കായി വീതിച്ച്‌ നല്‍കിയെന്നും. ലഭിച്ച 4 കോടിയോളം രൂപയില്‍ തുച്ഛമായ തുക മാത്രമാണ് തൻ്റെ പക്കലുള്ളതെന്നും നിഗോഷ് പറഞ്ഞു.