കോട്ടയം: മാനസികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്ന വനം വകുപ്പ് വനിത ജീവനക്കാരുടെ പരാതിയില്‍ എരുമേലി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ബി.ആർ.ജയന് സ്ഥലംമാറ്റം.
അച്ചടക്കനടപടിയുടെ ഭാഗമായി നിലമ്പൂർ സോഷ്യല്‍ ഫോറസ്ട്രി റേഞ്ചിലേക്ക് മാറ്റിയാണ് അഡീഷനല്‍ പ്രിൻസിപ്പല്‍ ചീഫ് കണ്‍സർവേറ്റർ ഉത്തരവിട്ടത്. അയ്യപ്പൻകോവില്‍ റേഞ്ച് ഓഫിസർ ഇ.ഡി. അരുണ്‍ കുമാറിന് എരുമേലിയുടെ താല്‍ക്കാലിക ചുമതല നല്‍കി.
നവംബറിലാണ് പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ, പമ്ബാ റേഞ്ച് എന്നിവിടങ്ങളിലെ ഒരു കൂട്ടം ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർ ജയനെതിരെ മുണ്ടക്കയം ഫ്ലൈയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫിസർക്ക് പരാതി നല്‍കിയത്.
വിഷയത്തില്‍ കോട്ടയം സ്പെഷല്‍ ഇൻവെസ്റ്റിഗേഷൻ ആൻഡ് പ്രൊട്ടക്ഷൻ അസി. ഫോറസ്റ്റ് കണ്‍സർവേറ്റർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ച് റേഞ്ച് ഓഫിസറെ അടിയന്തരമായി സ്ഥലം മാറ്റണമെന്ന് വിജിലൻസ് വിഭാഗം അഡിഷനല്‍ പ്രിൻസിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ ശിപാർശ ചെയ്തിരുന്നു. ഇതിന്‍റെ തുടർച്ചയായിട്ടാണ് നടപടി.
പരാതിക്കാരില്‍ മൂന്നു പേർ മാത്രമാണ് പേര് വെളിപ്പെടുത്തിയത്. വ്യക്തിപരമായ താല്‍പര്യത്തോടെ ഡ്യൂട്ടി നിശ്ചയിക്കുന്നു, എതിർപ്പ് പ്രകടിപ്പിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു, ജീവനക്കാരികളെ അവഹേളിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ പരാതിയില്‍ പറഞ്ഞിരുന്നു.
