ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍; പ്രായം പരിഗണിക്കാനാകില്ലെന്ന് കോടതി; ഗ്രീഷ്മ നടത്തിയത് വിശ്വാസ വഞ്ചന

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയ്ക്ക് വധശിക്ഷ.

നെയ്യാറ്റിൻകര അഡിഷണല്‍ സെഷൻസ് കോടതി ജഡ്ജി എ.എം ബഷീർ ആണ് വിധി പറഞ്ഞത്. മൂന്നു മാസം കൊണ്ടാണ് വാദം പൂർത്തിയാക്കിയത്.

അന്വേഷണ ഉദ്യോഗസ്ഥരെ കോടതി അഭിനന്ദിച്ചു. അന്വേഷണ രീതി മാറിയ കാലത്തിനനുസരിച്ച്‌ പൊലീസ് മാറ്റിയെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോണ്‍ ആഗ്രഹിച്ചില്ല. മരണക്കിടക്കയില്‍ പോലും ഷാരോണ്‍ ഗ്രീഷ്മയെ സ്‌നേഹിച്ചു. മരണ മൊഴിയില്‍ പോലും ഗ്രീഷ്മയുടെ പേര് പറഞ്ഞില്ല. ഷാരോണിന് പരാതിയുണ്ടോ ഇല്ലയോ എന്നത് ഇവിടെ പ്രസക്തമല്ലെന്നും ഗ്രീഷ്‌മയ്‌ക്ക്‌ പ്രായത്തിന്റെ ഇളവ് നല്‍കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

സ്നേഹബന്ധത്തിനിടയിലും കൊലപ്പെടുത്താൻ ശ്രമിച്ചു. ഗ്രീഷ്മ നടത്തിയത് വിശ്വാസ വഞ്ചനയാണ്. വധശ്രമം തെളിഞ്ഞെന്നും ജഡ്ജി വ്യക്തമാക്കി. ജ്യൂസില്‍ എന്തോ പ്രശ്നമുണ്ടെന്ന് ഷാരോണിന് തോന്നിയിരുന്നു. അതുകൊണ്ടാണ് യുവാവ് വീ‌ഡിയോ ചിത്രീകരിച്ചത്. മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ വാവേ എന്നായിരുന്നു വിളിച്ചത്. പ്രതിയെ ഷാരോണ്‍ മർദിച്ചതിന് തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.