പത്തനംതിട്ട പീഡനം; 3 പേര്‍ കൂടി കസ്റ്റഡിയില്‍; അറസ്റ്റിലായവരില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ മുതല്‍ പ്ലസ് ടു വിദ്യാര്‍ത്ഥി വരെ

പത്തനംതിട്ട: പത്തനംതിട്ട പീഡന കേസില്‍ മൂന്ന് പേർ കൂടി കസ്റ്റഡിയിലായി.

രാത്രി വൈകി പമ്പയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന പെണ്‍കുട്ടിയുടെ മൊഴിയില്‍ ഇന്നും കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ട്.

മൂന്നു പേരെ കൂടി പിടികൂടിയതോടെ പുതിയൊരു എഫ്‌ഐആർ കൂടി പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്തു.
ഇതോടെ ആകെ എഫ്‌ഐആറുകളുടെ എണ്ണം എട്ടായി.

അഞ്ചു വർഷത്തിനിടെ 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് കായിക താരമായ പെണ്‍കുട്ടിയുടെ മൊഴി. അടുത്ത ദിവസം വിവാഹ നിശ്ചയം തീരുമാനിക്കപ്പെട്ട യുവാവ് ഉള്‍പ്പെടെ ഇന്നലെ പിടിയിലായിരുന്നു.

കേരളം ഞെട്ടിയ പീഡന കേസിലാണ് കൂടുതല്‍ എഫ്‌ഐആറുകളും അറസ്റ്റുകളും ഉണ്ടാകുന്നത്. പത്തനംതിട്ട, ഇലവുംതിട്ട പൊലീസ് സ്റ്റേഷനുകളിലായാണ് എഫ്‌ഐആറുകള്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പിടിയിലായവരില്‍ മൂന്നുപേർ ഓട്ടോറിക്ഷ തൊഴിലാളികളാണ്. മത്സ്യ കച്ചവടക്കാരായ സഹോദരങ്ങള്‍, പ്ലസ് ടു വിദ്യാർത്ഥി എന്നിവരും അറസ്റ്റില്‍ ആയവരിലുണ്ട്.