ഫാത്തിമ എന്ന കഥാപാത്രത്തിലൂടെ സ്‌ക്രീനില്‍ മികവ് തെളിയിച്ച പട്ടാമ്പിക്കാരി; ഇടത്തരം മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം ചലച്ചിത്ര മേളകളിലും ശ്രദ്ധ നേടി; ആരാണ് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഷംല ഹംസ..?

തിരുവനന്തപുരം: പൊന്നാനിയിലെ ഇടത്തരം മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രമായിരുന്നു ‘ഫെമിനിച്ചി ഫാത്തിമ’.

ചിത്രത്തിലെ ഫാത്തിമ എന്ന കഥാപാത്രമായെത്തിയ ഷംല ഹംസയാണ് 2024-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടിയായി തിരഞ്ഞെടുത്തിരിക്കുന്നത്. ഒരു ലക്ഷം രൂപയും ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

പ്രേക്ഷക ഹൃദയങ്ങളില്‍ മായാത്ത മുദ്ര പതിപ്പിച്ച അഭിനയമാണ് ഫാത്തിമ എന്ന കഥാപാത്രത്തിലൂടെ ഷംല കാഴ്ചവെച്ചതെന്ന് പുരസ്കാര നിർണയ സമിതി വിലയിരുത്തി. ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ ഫാസില്‍ മുഹമ്മദിന് മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരവും ലഭിച്ചു.

തൃത്താല പട്ടാമ്പി സ്വദേശിനിയായ ഷംല ഹംസക്ക് ഇത് ഒരു വലിയ അംഗീകാരമാണ്. കുഞ്ഞിന് ആറ് മാസം പ്രായമുള്ളപ്പോഴായിരുന്നു ഷംല ചിത്രത്തില്‍ അഭിനയിച്ചത്. ഭർത്താവ് മുഹമ്മദ് സാലിഹിനും മകള്‍ ലസിനുമൊപ്പം ഗള്‍ഫിലാണ് ഷംല ഹംസയുടെ താമസം.

നേരത്തെ ‘ആയിരത്തൊന്ന് നുണകള്‍’ എന്ന ചിത്രത്തിലും ഇവർ അഭിനയിച്ചിട്ടുണ്ട്. 2024-ലെ ഐ.എഫ്.എഫ്.കെ.യില്‍ ചിത്രം പ്രദർശിപ്പിച്ചു. മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രം വിവിധ വിഭാഗങ്ങളിലായി അഞ്ച്‌ പുരസ്‌കാരമാണ്‌ ഐഎഫ്‌എഫ്‌കെയില്‍ നേടിയത്. ‘ഫെമിനിച്ചി ഫാത്തിമ’യുടെ ഐഎഫ്‌എഫ്കെ പ്രീമിയറിന് കൈക്കുഞ്ഞുമായി എത്തിയ ഷംല അന്ന് വലിയ ശ്രദ്ധ നേടിയിരുന്നു.