വ്യാജ മരുന്നുകളുടെ പറുദീസയായി കേരളം..! ഉത്തരേന്ത്യയില്‍ നിന്ന് മായം കലർത്തിയ മരുന്നുകള്‍ എത്തുന്നത് ലോഡ് കണക്കിന്; വ്യാജന്മാരെ തടയാൻ നടപടിയെടുക്കാതെ സർക്കാർ; കേരളം നേരിടുന്നത് ഗുരുതര ഭീഷണി

കോഴിക്കോട്: ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ പരിശോധന വഴിപാടെന്ന ആക്ഷേപം നിലനില്‍ക്കെ വ്യാജ മരുന്നുകളുടെ പറുദീസയായി കേരളം.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നും മറ്റും മായം കലർത്തിയ മരുന്നുകള്‍ വ്യാപകമായി സംസ്ഥാനത്ത് പ്രചരിക്കുകയാണ്.
കഫ് സിറപ്പ് കഴിച്ച്‌ രാജസ്ഥാനിലും മദ്ധ്യപ്രദേശിലും കുട്ടികള്‍ മരിച്ചിട്ടും വ്യാജന്മാരെ തടയാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകള്‍ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.
ഗുണനിലവാരമില്ലാതെയും മാനദണ്ഡങ്ങള്‍ ലംഘിച്ചുമാണ് നിർമ്മാണം. കഫ് സിറപ്പ് കഴിച്ച്‌ കുട്ടികള്‍ മരിക്കാനിടയായ കെയ്സണ്‍ ഫാർമ, ശ്രീസണ്‍ ഫാർമ എന്നിവ അനാരോഗ്യകരമായ സാഹചര്യങ്ങളിലാണ് മരുന്ന് നിർമ്മിച്ചിരുന്നതെന്ന് മെഡിക്കല്‍ റപ്രസന്റേറ്റീവുമാർ പറയുന്നു.

പരമാവധി വില്‍പ്പന വിലയില്‍ (എം.ആർ.പി) നിന്ന് വളരെ കുറച്ചാണ് വ്യാജമരുന്നുകള്‍ വിതരണക്കാരിലെത്തുന്നത്. ചില മരുന്നുകള്‍ രോഗികള്‍ക്ക് നേരിട്ടും ലഭിക്കും. ഇതേപ്പറ്റിയും അന്വേഷണമില്ല.

ഡയാലിസിസ് രോഗികള്‍ക്ക് നല്‍കുന്ന ഇഞ്ചക്ഷൻ എറിത്രോപോയിറ്റിന്റെ എം.ആർ.പി ഏകദേശം 1000 രൂപയാണ്. ലഭിക്കുന്നത് 150 രൂപയ്ക്ക് !. ക്യാൻസറിനുള്ള മോണോ ക്ലോണല്‍ ആന്റിബോഡി വിഭാഗത്തില്‍പ്പെട്ട മരുന്നുകളായ റിചുസിമാബ്, ട്രാസ്റ്റുസു മാബ് തുടങ്ങിയവയുടെ എം.ആർ.പി 35,000 ആണെങ്കിലും 7,500 രൂപയ്ക്ക് ലഭിക്കും. 4,000 രൂപയുള്ള ടിജ്സെെക്ളെെൻ പോലുള്ളവ 200 രൂപയ്ക്ക് ലഭിക്കും.

വില കുറച്ചു ലഭിക്കുന്ന മരുന്നുകള്‍ വിതരണക്കാർ എം.ആർ.പി വിലയ്ക്കും അല്‍പ്പം കുറച്ചും വില്‍ക്കുന്നവരുണ്ട്.