കലോത്സവത്തിനെത്തിയ പെണ്‍കുട്ടിയെ കടന്നുപിടിച്ചു; ട്യൂട്ടോറിയല്‍ കോളേജ് പ്രിൻസിപ്പാള്‍ അറസ്റ്റില്‍

കൊല്ലം: പ്ലസ് വണ്‍ വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ ട്യൂട്ടോറിയല്‍ കോളേജ് പ്രിൻസിപ്പാള്‍ അറസ്റ്റില്‍.

കൊല്ലം ജില്ലയിലെ കടയ്ക്കലിലാണ് സംഭവം. മുക്കുന്നം സ്വദേശി അഫ്സല്‍ ജമാലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉപജില്ലാ കലോത്സവത്തിന് എത്തിയ കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയെന്ന പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഏഴാം തീയതി ചടയമംഗലം ഉപജില്ലാ കലോത്സവത്തിനിടെയാണ് അഫ്സല്‍ ജമാല്‍ പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയത്. സ്കൂളിന് പുറമെ സമീപത്തെ പാരലല്‍ കോളേജുകളും കലോത്സവ വേദിയായിരുന്നു.

പ്രാഥമിക ആവശ്യത്തിനായി പോയ കുട്ടിയെ ട്യൂട്ടോറിയല്‍ കോളേജ് പ്രിൻസിപ്പാളായ അഫ്സല്‍ ജമാല്‍ കടന്നു പിടിച്ചെന്നാണ് പരാതി. പ്രതിയില്‍ നിന്നും കുതറിയോടിയ പെണ്‍കുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചു. തുടർന്ന് കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി.

പിന്നാലെ പ്രതി ഒളിവില്‍ പോയി. പൊലീസ് നടത്തിയ തെരച്ചിലില്‍ അഫ്സല്‍ ജമാല്‍ പിടിയിലാവുകയായിരുന്നു.

പെണ്‍കുട്ടിയോട് അഫ്സല്‍ നേരത്തെ പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ടെന്നും സമാനമായ രീതിയില്‍ ശല്യപ്പെടുത്തിയിട്ടുണ്ടെന്നും കുട്ടി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് അഫ്സലിനെതിരെ ചുമത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.