പുതിയ സാങ്കേതിക വിദ്യകള്‍ കേരളത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും പരിചയപ്പെടുത്തും; ഹൈസ്‌കൂളുകളില്‍ 29,000 റോബോട്ടിക് കിറ്റുകള്‍ പൂര്‍ത്തീകരണ പ്രഖ്യാപനം ഫെബ്രുവരി 8-ന്

തിരുവനന്തപുരം: എഐ, റോബോട്ടിക്സ്, ഐഒടി തുടങ്ങിയ പുതിയ സാങ്കേതിക വിദ്യകള്‍ കേരളത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും പരിചയപ്പെടുത്തുന്നതിന് കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) വിന്യസിച്ചുവരുന്ന 29,000 റോബോട്ടിക് കിറ്റുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും, ലിറ്റില്‍ കൈറ്റ്സ് കുട്ടികളുടെ സംസ്ഥാന ക്യാമ്പും ഫെബ്രുവരി 8, 9 തീയതികളില്‍ നടക്കും.

ഫെബ്രുവരി 8-ന് രാവിലെ 10.30ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ഐടി വകുപ്പിനു കീഴിലുള്ള ഐസിഫോസില്‍ ചടങ്ങ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. കുട്ടികള്‍ തയ്യാറാക്കിയ റോബോട്ടിക് ഉല്പന്നങ്ങളുടെ പ്രദര്‍ശനവും ഇതോടൊപ്പം നടക്കും.

കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത്, ഐസിഫോസ് ഡയറക്ടര്‍ ഡോ. ടി.ടി സുനില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

2022-ല്‍ വിതരണം പൂര്‍ത്തിയാക്കിയ 9,000 റോബോട്ടിക് കിറ്റുകള്‍ക്ക് പുറമെയാണ് ഈ വര്‍ഷം കമ്പനികളുടെ സി.എസ്.ആര്‍ സേവനം കൂടി പ്രയോജനപ്പെടുത്തി കൈറ്റ് 20,000 റോബോട്ടിക് കിറ്റുകള്‍ കൂടി എല്ലാ സര്‍ക്കാര്‍-എയിഡഡ് ഹൈസ്‌കൂളുകള്‍ക്കും ലഭ്യമാക്കിയത്.

ഇതിന്റെ ഭാഗമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ 8,475 ഉം കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് 4,615 ഉം ടെക്നോപാര്‍ക്കിലെ ക്യൂബര്‍സ്റ്റ് ടെക്നോളജീസും കാനറാ ബാങ്കും 1,000 വീതവും റോബോട്ടിക് കിറ്റുകള്‍ ലഭ്യമാക്കി.