പ്രണയം നിരസിച്ചതിന് 16കാരിയെ കുത്തികൊലപ്പെടുത്താൻ ശ്രമം; പെൺകുട്ടി ചികിത്സയിൽ, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം : പ്രണയം നിരസിച്ചതിന് തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥിനിക്ക് കുത്തേറ്റു. തിരുവനന്തപുരം വെമ്പായത്താണ് സംഭവം. നെടുവേലി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിക്കാണ് കുത്തേറ്റത്. നെടുമങ്ങാട് പനവൂർ സ്വദേശി ഫഹദാണ് പെൺകുട്ടിയെ കുത്തി പരുക്കേൽപ്പിച്ചത്. പ്രണയം നിരസിച്ചതിനെ തുടർന്നാണ് ഫഹദ് പെൺകുട്ടിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചത്. കഴുത്തിന് പരുക്കേറ്റ പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം കന്യാകുളങ്ങരയില്‍ ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങിയ സമയത്താകാം ആക്രമണമെന്നാണ് വിവരം. 16കാരിയെ ആക്രമിച്ചതിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. മുഖത്തും കഴുത്തിനും ആണ് കുത്തേറ്റിരിക്കുന്നത്. കഴുത്തിനു പുറകിലെ കുത്ത് ആഴത്തിലുള്ളതാണെന്ന് കണ്ടുനിന്നവർ പറയുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കേസില്‍ വട്ടപ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.