മുംബൈ: അടുത്ത ആഴ്ച ആരംഭിക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് മുൻപ് ഇന്ത്യൻ ടീമിന് വൻ തിരിച്ചടി.
പരിക്കിനെ തുടർന്ന് വിരാട് കോലി പരമ്പരയില്‍ നിന്ന് പുറത്തായതിന് പിന്നാലെ മുൻ നായകൻ രോഹിത് ശർമ കളിക്കുന്ന കാര്യവും അനിശ്ചിതത്വത്തിലായി. കോലിയെപ്പോലോ ഐപിഎല്ലിനിടെ തുടയിലേറ്റ പരിക്കാണ് രോഹിത്തിനും വില്ലനായിരിക്കുന്നത്.
രോഹിത്തിനോടും ഹാര്‍ദിക് പാണ്ഡ്യയോടും ബെംഗളൂരുവിലെ ബിസിസിഐ സെന്‍റർ ഓഫ് എക്സലൻസില്‍ ഫിറ്റ്‌നസ് പരിശോധനയ്ക്കായി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും രോഹിത് ഇതുവരെ ഫിറ്റ്നെസ് ടെസ്റ്റിന് വിധേയനായിട്ടില്ല. ഇവിടെ നടക്കുന്ന കായികക്ഷമതാ പരിശോധന വിജയകരമായി പൂർത്തിയാക്കിയാല്‍ മാത്രമേ രോഹിതിന് പരമ്പരയില്‍ കളിക്കാനാകൂ.
ഫിറ്റ്‌നസ് ക്ലിയറൻസിന് വിധേയമായിട്ടാണ് രോഹിത് ശർമ്മയും ഓള്‍റൗണ്ടർ ഹാർദിക് പാണ്ഡ്യയും നിലവില്‍ പ്രഖ്യാപിച്ച ടീമില്‍ ഇടംപിടിച്ചിട്ടുള്ളത്. ഇതില്‍ പാണ്ഡ്യ ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസില്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്നാല്‍, പാണ്ഡ്യക്ക് പന്തെറിയാൻ പൂർണ്ണ ഫിറ്റ്‌നസ് ഉണ്ടെങ്കില്‍ മാത്രമേ ഏകദിന പരമ്പരക്കുള്ള അന്തിമ ടീമില്‍ ഉള്‍പ്പെടുത്തുകയുള്ളൂ എന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. ഐപിഎല്‍ 2026 സീസണില്‍ പുറംവേദനയെ തുടർന്ന് പാണ്ഡ്യക്ക് ചില മത്സരങ്ങള്‍ നഷ്ടമായിരുന്നു. സമാനമായ രീതിയില്‍ രോഹിത് ശർമ്മയും ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യൻസിന്‍റെ ചില മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നു.
