ഐസിസി പ്ലെയർ ഓഫ് ദി മന്ത്; ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച് സഞ്ജു സാംസൺ

ന്യൂഡൽഹി: ഐസിസിയുടെ മാർച്ച് മാസത്തെ മികച്ച താരത്തിനുള്ള പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇന്ത്യൻ താരങ്ങളായ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇടംപിടിച്ചു.

ലോകകപ്പിലെ മിന്നും പ്രകടനമാണ് സഞ്ജുവിനെ പട്ടികയിൽ എത്തിച്ചത്. ഇന്ത്യൻ താരം ജസ്പ്രീത് ബുംറ, ദക്ഷിണാഫ്രിക്കയുടെ കോണർ ഈസ്റ്റർ ഹൂയിസൻ എന്നിവരാണ് പട്ടികയിലുള്ള മറ്റ് താരങ്ങൾ.

ടി20 ലോകകപ്പിന്റെ തുടക്കത്തിൽ താരം ബെഞ്ചിലിരിക്കേണ്ടിവന്നെങ്കിലും സൂപ്പർ 8 മുതൽ സഞ്ജു നടത്തിയ പ്രകടനമാണ് ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ചത്.

കൊൽക്കത്തയിൽ നടന്ന സൂപ്പർ 8 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ നേടിയ 97 റൺസ് സഞ്ജുവിൻ്റെ ബാറ്റിംഗ് മികവ് തെളിയിക്കുന്നതായിരുന്നു.

തുടർന്ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയും, അഹമ്മദാബാദിലെ കലാശപ്പോരിൽ ന്യൂസിലൻഡിനെതിരെയും ഒരേപോലെ 89 റൺസ് വീതം അടിച്ചു കൂട്ടി താരം ഇന്ത്യയുടെ രക്ഷകനായി മാറുകയായിരുന്നു. മികച്ച പ്രകടനത്തിലൂടെ പ്ലെയർ ഓഫ് ദി ടൂർണമെന്റും താരം സ്വന്തമാക്കി.