സംസ്ഥാനത്ത് വേനൽച്ചൂട് കൂടുന്നു. വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട് ഉൾപ്പെടെയുള്ള എട്ട് ജില്ലകളിൽ വരും ദിവസങ്ങളിൽ ചൂട് സാധാരണയേക്കാൾ വർധിക്കുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് മുതൽ ഏപ്രിൽ 9 വരെ പാലക്കാട് ജില്ലയിൽ താപനില 38°C വരെ ഉയരാൻ സാധ്യതയുണ്ട്. കൊല്ലം, കോട്ടയം, തൃശൂർ ജില്ലകളിൽ 37°C വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ 36°C വരെയും ചൂട് വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. സാധാരണ ലഭിക്കുന്നതിനേക്കാൾ 2°C മുതൽ 3°C വരെ കൂടുതൽ താപനില ഈ ജില്ലകളിൽ അനുഭവപ്പെട്ടേക്കാം.
ഉയർന്ന താപനിലയ്ക്കൊപ്പം അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് കൂടുന്നതിനാൽ മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും വെയിലത്ത് ജോലി ചെയ്യുന്നവർ മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു. വരും ദിവസങ്ങളിലും ചൂട് ഇതേ നിലയിൽ തുടരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
