സന്ദീപ് വാര്യരുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അതൃപ്തി; തൃക്കരിപ്പൂരില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി വേണമെന്ന് നേതാക്കള്‍

കാസർകോട്: തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യരുടെ സ്ഥാനാർഥിത്വത്തില്‍ കാസർകോട് ഡിസിസിയില്‍ അതൃപ്തി.

കെ.പി.സി.സി നിർദ്ദേശപ്രകാരം മണ്ഡലത്തിലേക്ക് സന്ദീപ് വാര്യരെ പരിഗണിക്കുന്നു എന്ന വാർത്തകള്‍ പുറത്തുവന്നതോടെ കാസർകോട് ഡി.സി.സി നേതൃത്വവും പ്രാദേശിക പ്രവർത്തകരും രംഗത്തെത്തിയിരിക്കുകയാണ്.

സന്ദീപ് വാര്യരെ പരിഗണിക്കുന്നതില്‍ കൂടിയാലോചന നടത്തിയില്ലെന്ന ആക്ഷേപമാണ് പ്രാദേശിക കോണ്‍ഗ്ര് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. നാളെ അടിയന്തര ഡിസിസി യോഗം ചേരും.

പാർട്ടിയിലെ മുതിർന്ന നേതാക്കളുമായോ ജില്ലാ നേതൃത്വവുമായോ യാതൊരു കൂടിയാലോചനയും നടത്താതെയാണ് സന്ദീപ് വാര്യരുടെ പേര് ഉയർന്നു വന്നതെന്നാണ് ആരോപണം.

മണ്ഡലത്തില്‍ വേരുകളുള്ള പ്രാദേശിക നേതാക്കളെ അവഗണിച്ച്‌ പുറത്തുനിന്നുള്ള ആളെ കെട്ടിയിറക്കുന്നത് തിരിച്ചടിയാകുമെന്ന് പ്രവർത്തകർ മുന്നറിയിപ്പ് നല്‍കുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ചർച്ച ചെയ്യാൻ കാസർകോട്ടെ നേതാക്കള്‍ അടിയന്തര യോഗം ചേരുകയാണ്.

ജില്ലയില്‍ നിന്നുള്ള ഡി സി സി പ്രസിഡന്റ് പി കെ ഫൈസല്‍, ബാലകൃഷ്ണൻ പെരിയ, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ ഹക്കീം കുന്നില്‍, കെ. നീലകണ്ഠൻ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

 

 

 

കാസര്‍കോട് ജില്ലയിലെ ഉദുമ, തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ പേരുകള്‍ ഒഴിവാക്കിയാണ് കോണ്‍ഗ്രസ് ഇന്നലെ 55 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ടത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷാണ് കൊടുങ്ങല്ലൂരിലെ സ്ഥാനാര്‍ത്ഥി. പാലക്കാട് നടന്‍ രമേശ് പിഷാരടിയെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയത്. തവനൂരില്‍ മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയാണ് സ്ഥാനാര്‍ത്ഥി. പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ നെന്മാറയില്‍ നിന്നാണ് ജനവിധി തേടുന്നത്.

 

 

 

പെരുമ്ബാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പളളിയുടെ പേര് ആദ്യഘട്ട പട്ടികയില്‍ നിന്ന് ഒഴിവാക്കി. കെ സുധാകരനും അടൂര്‍ പ്രകാശുമുള്‍പ്പെടെ മത്സരിക്കാനുളള താല്‍പ്പര്യം പ്രകടിപ്പിച്ച എംപിമാരുടെ പേരും ആദ്യഘട്ട പട്ടികയിലില്ല. ഇവര്‍ താല്‍പ്പര്യം പ്രകടിപ്പിച്ച കണ്ണൂര്‍, കോന്നി സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. പ്രതിഷേധങ്ങള്‍ക്കിടെ ചിറയിന്‍കീഴ് രമ്യാ ഹരിദാസിനെ തന്നെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. കൊട്ടാരക്കരയില്‍ സിപിഐഎം വിട്ടുവന്ന ഐഷ പോറ്റിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി. തൃത്താലയില്‍ വി ടി ബല്‍റാമാണ് സ്ഥാനാര്‍ത്ഥി. രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തുവിട്ടേക്കും.