ശബരിമല യുവതി പ്രവേശനം; നിലപാട് തിരുത്താനൊരുങ്ങി സർക്കാർ, ആചാരം സംരക്ഷിക്കണമെന്ന് സുപ്രീം കോടതിയെ അറിയിക്കും

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നിലപാട് തിരുത്താനൊരുങ്ങി സംസ്ഥാന സർക്കാർ. യുവതി പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്താനാണ് സർക്കാർ ഒരുങ്ങുന്നത്. ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്ന് സർക്കാർ സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. മുൻ നിലപാട് സുപ്രീംകോടതിയിൽ സർക്കാർ തിരുത്തും. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളെ ഒപ്പം നിർത്താൻ വേണ്ടിയാണ് സര്‍ക്കാരിന്‍റെ മലക്കം മറിച്ചിൽ.

2018 സെപ്തംബർ എട്ടിനായിരുന്നു യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധി. പുനഃപരിശോധന ഹർജികൾ വന്നപ്പോൾ സര്‍ക്കാര്‍ വിധിയെ അനുകൂലിച്ചിരുന്നു. നവോത്ഥാന സമിതിയും വനിതാ മതിലുമായി യുവതീ പ്രവേശത്തിനൊപ്പം നില്‍ക്കുകയായിരുന്നു സംസ്ഥാന സർക്കാർ. തിരുവിതാംകൂർ ദേവസ്വം ബോർഡിന് പിന്നാലെ സര്‍ക്കാരും നിലപാടില്‍ നിന്ന് മലക്കംമറിയുകയാണ്. കോടതിയെ നാളെ നിലപാട് അറിയിക്കും. അതിനിടെ യുവതി പ്രവേശനത്തില്‍ ഇന്ത്യൻ യങ്ങ് ലോഴ്സ് അസോസിയേഷൻ സുപ്രീംകോടതിയിൽ വാദങ്ങൾ സമർപ്പിച്ചു. യുവതി പ്രവേശന വിധി നിലനിർത്തണമെന്നാണ് ഇന്ത്യൻ യങ്ങ് ലോഴ്സ് അസോസിയേഷൻ്റെ വാദം. സ്ത്രീകളുടെ അന്തസുമായി ബന്ധപ്പെട്ട വിഷയമാണിത്. ആർത്തവത്തിൻ്റെ പേരിൽ മാറ്റിനിർത്തിൽ അംഗീകരിക്കാനാകില്ല. ശബരിമലയെ ഒരു പ്രത്യേകവിഭാഗമായി കാണാനാകില്ല. പൊതുതാൽപര്യ ഹർജിയിലൂടെ മത ആചാരങ്ങളെ ചോദ്യം ചെയ്യാമെന്നും ഇന്ത്യൻ യങ്ങ് ലോഴ്സ് അസോസിയേഷൻ വാദിക്കുന്നു. ശബരിമല കേസിലെ ഹർജിക്കാരാണ് സംഘടന.