ശബരിമലയില്‍ തലമുറമാറ്റം; കണ്ഠര് രാജീവര്‍ക്ക് പകരം ഇനി മകന്‍ ബ്രഹ്‌മദത്തൻ

പത്തനംതിട്ട: ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂര്‍ണ ചുമതല ഒഴിയുന്നു.

മകന്‍ കണ്ഠരര് ബ്രഹ്‌മദത്തനാ(30)ണ് തന്ത്രി സ്ഥാനത്തേക്കത്തുക.
നിലവില്‍ തന്ത്രിയായ കണ്ഠരര് മഹേശ്വര് മോഹനര്‍ക്കൊപ്പം തന്ത്രിപദവിയിലേക്ക് ബ്രഹ്‌മദത്തനെ കൂടി വരുന്നതോടെ തലമുറമാറ്റം പൂര്‍ണമാകും.

ഓഗസ്റ്റ് 16-ന് നടതുറക്കുമ്പോള്‍ മേല്‍ശാന്തി നട തുറക്കുന്നത് കണ്ഠരര് ബ്രഹ്‌മദത്തന്റെ സാന്നിധ്യത്തിലായിരിക്കും. ചുമതലകളില്‍ നിന്നൊഴിഞ്ഞാലും കണ്ഠര് രാജീവരുടെ പങ്കാളിത്തമുണ്ടാകും. ഓരോ വര്‍ഷവും മാറിമാറിയാണ് താഴമണ്‍ മഠത്തിലെ രണ്ട് കുടുംബങ്ങള്‍ക്ക് ശബരിമലയിലെ താന്ത്രികാവകാശം.

പരേതനായ കണ്ഠര് മഹേശ്വരരുടെ മകന്‍ കണ്ഠര് മോഹനരുടെ മകനാണ് ഇപ്പോഴത്തെ തന്ത്രി കണ്ഠര് മഹേശ്വര് മോഹനര്.
രാജീവരുടെയും ബിന്ദുവിന്റെയും മകനായ ബ്രഹ്‌മദത്തന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. ഒരു വര്‍ഷം മുന്‍പാണ് ജോലി രാജി വച്ച്‌ താന്ത്രിക കര്‍മങ്ങളിലേക്ക് തിരിഞ്ഞത്.

ബംഗളൂരു ക്രൈസ്റ്റ് കോളജില്‍ നിന്ന് ബിബിഎ, എല്‍എല്‍ബി നേടി. കോട്ടയം ജില്ലാ കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. രണ്ടര വര്‍ഷം ബംഗളൂരുവിലെ സ്വകാര്യ കണ്‍സല്‍റ്റിംഗ് കമ്പനിയില്‍ അനലിസ്റ്റായി ജോലി നോക്കി. പിന്നീട് സ്‌കോട്ലന്‍ഡില്‍ എല്‍എല്‍എം പഠനം. തിരിച്ചെത്തി ഹൈദരാബാദിലെ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. ഇതിനിടയിലാണ് ജോലി രാജി വച്ചത്.