41 ദിവസം നീണ്ട മണ്ഡലകാല തീർത്ഥാടനത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് ഇന്ന് ശബരിമലയിൽ മണ്ഡലപൂജ നടക്കും. രാവിലെ 10.10 നും 11.30 നും ഇടയിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിലാണ് മണ്ഡലപൂജ നടക്കുക. മണ്ഡല കാലം 41 ദിവസം പൂർത്തികരിക്കുമ്പോഴാണ് ശബരിമലയിൽ ഈ വിശേഷാൽ പൂജ നടക്കുന്നത്. മണ്ഡല പൂജ പ്രമാണിച്ച് ഇന്ന് നെയ്യഭിഷേകം 9.30 വരെ മാത്രമേ ഉണ്ടാകു.
മണ്ഡലപൂജയുടെ ഭാഗമായി സന്നിധാനത്തേക്ക് ഭക്തരെ കടത്തി വിടുന്നതിനും നിയന്ത്രണമുണ്ട്. 30,000 പേർക്ക് മാത്രമാണ് വെർച്ചൽ ക്യൂവഴി ദർശനം അനുവദിക്കുക. സ്പോട് ബുക്കിഗ് 2000 മാത്രമായിരിക്കും. മണ്ഡല പൂജ പൂർത്തിയാക്കി രാത്രി ഹരിവരാസനം പാടി നടയടക്കും. പിന്നെ മകരവിളക്ക് തീർത്ഥനത്തിന് തുടക്കം കുറിച്ച് 30ആം തീയതി വൈകുന്നേരം 5 മണിക്കാണ് നടതുറക്കുക. ജനുവരി 14നാണ് മകരവിളക്ക്.
ഇന്നലെയാണ് മണ്ഡല പൂജയോടനുബന്ധിച്ച് ശബരിമലയിൽ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി എത്തിച്ചത്. കൊടിമരച്ചുവട്ടിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാറിന്റെ നേതൃത്വത്തിൽ തങ്കയങ്കി പേടകം സ്വീകരിച്ചു. തുടർന്ന് സോപാനത്തിൽ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി ശ്രീകോവിലിലെത്തിച്ചു.
