പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്താലും താൻ കോൺഗ്രസുകാരിയായി തുടരുമെന്ന് കോൺഗ്രസിൽ നിന്ന് നടപടി നേരിട്ട തൃശൂരിലെ കൗൺസിലർ ലാലി ജെയിംസ്. തിരിച്ചെടുത്തില്ലെങ്കിലും മരണം വരെ കോൺഗ്രസുകാരെയായി തുടരുമെന്നും തനിക്കെതിരായ നടപടി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ലാലി ജെയിംസ് വ്യക്തമാക്കി. ഡിസിസി പ്രസിഡന്റ് ഇക്കാര്യത്തിൽ കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നുവെന്നും ലാലി ജെയിംസ് പറഞ്ഞു. കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെയാണ് ഡിസിസി പ്രസിഡന്റ് നടപടി സ്വീകരിച്ചതെന്നും തന്നെ കേൾക്കാൻ പോലും തയ്യാറായില്ലെന്നും ലാലി ജെയിംസ് വ്യക്തമാക്കി.
കോൺഗ്രസുകാരിയായി തുടരാൻ കോൺഗ്രസിന്റെ അംഗത്വം ആവശ്യമില്ല സിപിഐഎമ്മിലേക്കോ ബിജെപിയിലേക്കോ ഇല്ല. എഐസിസിയെയോ കെപിസിസിയെയോ സമീപിക്കില്ല കാരണം രണ്ട് ഘടകങ്ങളും അവർക്കൊപ്പം ആണ്. അതുകൊണ്ടുതന്നെ സമീപിച്ചിട്ട് എന്ത് കാര്യം, ഉയർത്തിയ ആരോപണങ്ങളിൽ തന്നെയാണ് ഇപ്പോഴും ഉറച്ചുനിൽക്കുന്നതെന്നും ലാലി പ്രതികരിച്ചു. അതേസമയം, പാർട്ടിയെ പ്രതിസന്ധിയിലാക്കിയ ആരോപണങ്ങളിൽ അടിയന്തര അന്വേഷണം നടത്തിയ ഡിസിസിയുടെ റിപ്പോർട്ടിന്മേലാണ് കൗൺസിലർ ലാലി ജെയിംസിനെതിരായ നടപടി. സസ്പെൻഷൻ കാലാവധി വ്യക്തമാക്കാതെയുള്ള വാർത്താക്കുറിപ്പ് കെപിസിസി നേതൃത്വമാണ് പുറത്തിറക്കിയത്.
കോർപ്പറേഷൻ മേയർ തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡോ.നിജി ജസ്റ്റിൻഡിൽ നിന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അടക്കമുള്ളവർ പണപ്പെട്ടി വാങ്ങിയെന്നായിരുന്നു ലാലിയുടെ ആരോപണം. നൂലിൽ കെട്ടിയിറക്കിയ കെ സി വിഭാഗത്തിന്റെ സ്ഥാനാർഥിയായിരുന്നു നിജി ജസ്റ്റിൻ എന്നും ചില നേതാക്കൾ മാത്രം ചേർന്നാണ് അവരെ മേയറാക്കാൻ തീരുമാനിച്ചതെന്നുമാണ് ലാലി പരസ്യ വിമർശനം ഉന്നയിച്ചത്.
