തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയില്‍ അവസാനഘട്ട അന്വേഷണത്തിനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം.
യഥാർത്ഥ ഞാണ്ടിമുതല്‍ എവിടെയാണെന്ന അന്വേഷണമാണ് നടക്കുന്നത്. എന്നാല്‍ ഈ ചോദ്യത്തിന് അറസ്റ്റിലായ ഗോവർധൻ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
ഗോവർധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ഇതിനായി നാളെ കോടതിയില്‍ അപേക്ഷ നല്‍കും. സ്മാർട്ട് ക്രിയേഷനില്‍ വേർതിരിച്ചെടുത്ത സ്വർണം ആർക്ക് വിറ്റെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.
സ്വർണം കൈമാറിയ ഇടനിലക്കാരൻ കല്‍പേഷിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. തമിഴ്നാട്ടില്‍ വൻരാഷ്ട്രീയ ബന്ധമുള്ള ദിണ്ഡിഗല്ലിലെ ഡയമണ്ട് മണിയുടെ (ഡി-മണി) കൂട്ടാളി ശ്രീകൃഷ്ണന്റെ ഫോണിലേക്ക് മുഖ്യപ്രതി ഉണ്ണികൃഷ്ണൻപോറ്റി വിളിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
മറ്റുള്ളവരുടെ പേരിലെടുത്ത് മണി ഉപയോഗിക്കുന്ന മൂന്ന് സിംകാർഡുകളിലൂടെ നടത്തിയ കോള്‍ വിവരങ്ങള്‍ പരിശോധിക്കുകയാണ്. രാഷ്ട്രീയസ്വാധീനമുള്ള വമ്പന്മാരുടെ ബിനാമിയാണ് മണിയെന്നും സംശയിക്കുന്നുണ്ട്.
