തിരുനാവായ കുംഭമേള അനിശ്ചിതത്വം നീങ്ങി; സ്ഥലത്ത് താത്കാലിക നിർമാണം വീണ്ടും തുടങ്ങി

തിരുനാവായ കുംഭമേളയുമായി ബന്ധപ്പെട്ട് താത്കാലിക നിർമാണങ്ങൾ വീണ്ടും തുടങ്ങി. കളക്ടറും സംഘാടകരും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. നടപ്പാക്കുന്ന ക്രമീകരണങ്ങളുടെ കർമ പദ്ധതി തയ്യാറാക്കി നൽകാൻ കളക്ടർ സംഘടകരോട് ആവശ്യപ്പെട്ടു. ഇതോടെയാണ് താത്കാലിക പാലത്തിന്‍റെ പണി വീണ്ടും തുടങ്ങിയത്. കുംഭമേളയുടെ ഭാഗമായി ഭാരതപ്പുഴയ്ക്ക് കുറുകെ താത്കാലിക പാലം നിര്‍മിക്കുന്നത് റവന്യൂ വകുപ്പ് തടഞ്ഞതോടെയാണ് പ്രതിസന്ധിയുണ്ടായത്. പുഴ കയ്യേറി പാലമുണ്ടാക്കുന്നത് നദീതീര സംരക്ഷണ നിയമത്തിൻ്റെ ലംഘനമെന്ന് പറഞ്ഞായിരുന്നു നടപടി. ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് പ്രശ്നമുണ്ടായത്. പുഴയ്ക്ക് കുറുകെ താത്കാലിക പാലം കെട്ടിയുണ്ടാക്കുന്നത് നിയമ വിരുദ്ധമെന്ന് കാട്ടിയാണ് റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നൽകിയത്. ജനുവരി 18 മുതൽ ഫെബ്രുവരി മൂന്ന് വരെയാണ് തിരുനാവായ മഹാമാഘ മഹോത്സവം. ജൂന അഖാഡയുടെയും മാതാ അമൃതാനന്ദമയി മഠത്തിന്‍റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നൂറ്റാണ്ടുകൾക്കു മുൻപ് തിരുനാവായയിൽ നടന്നിരുന്ന മഹാമാഘ മഹോത്സവം പൂ‍ര്‍ണാര്‍ത്ഥത്തിൽ തിരികെക്കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് സംഘാടകര്‍ വിശദീകരിച്ചു.