അന്നദാനത്തിന് മാത്രം ഓണ്‍ലൈനില്‍ ലഭിച്ചത് 2.18 കോടി; ഏഴുലക്ഷത്തിലേറെപ്പേരെ ഊട്ടി സന്നിധാനത്തെ അന്നദാനമണ്ഡപം; അൻപതിനായിരം പേർക്കു കൂടുതല്‍ ഭക്ഷണം നല്‍കാനായതിന്റെ ചാരിതാർഥ്യത്തിൽ ദേവസ്വം ബോർഡ്

ശബരിമല: മണ്ഡല മഹോത്സവത്തിനു സമാപനം കുറിക്കാൻ മൂന്നുനാള്‍ ബാക്കി നില്‍ക്കേ ഏഴുലക്ഷത്തിലേറെപ്പേർക്ക് അന്നമേകിയതിന്റെ ചാരിതാർഥ്യത്തില്‍ ദേവസ്വം ബോർഡിന്റെ സന്നിധാനത്തെ അന്നദാനമണ്ഡപം.

ശബരീശ സന്നിധിയിലെ അന്നദാനത്തിന് ലോകമെമ്പാടുമുള്ള ഭക്തരില്‍ നിന്ന് ഇക്കുറി ഓണ്‍ലൈനായി ലഭിച്ച സംഭാവന 2.18 കോടി രൂപയാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.

ഡിസംബർ 22 വരെയുള്ള കണക്കനുസരിച്ച്‌ 7,07,675 ഭക്തർക്കാണ് ഈ തീർഥാടനകാലത്ത് സന്നിധാനത്തെ അന്നാദനമണ്ഡപത്തില്‍ സൗജന്യഭക്ഷണമേകിയത്. കഴിഞ്ഞവർഷം ഡിസംബർ 22 വരെ ആറരലക്ഷത്തിലേറെപ്പേർക്കാണ് അന്നദാനം നടത്തിയത്.

കഴിഞ്ഞ സീസണിനെ അപേക്ഷിച്ചു അഞ്ചുലക്ഷത്തോളം തീർഥാടകർ കൂടുതലായി എത്തിയ ഈ മണ്ഡലകാലത്ത് അൻപതിനായിരം പേർക്കു കൂടുതല്‍ ഭക്ഷണം നല്‍കാനായതിന്റെ ചാരിതാർഥ്യത്തിലാണ് ദേവസ്വം ബോർഡ്.