പ്രത്യേക നഷ്ടപരിഹാര പാക്കേജ്; കുടുംബാംഗങ്ങള്‍ക്ക് ജോലി; ശബരിമല വിമാനത്താവളത്തിന് ഗ്രീൻ സിഗ്നല്‍ നല്‍കി വിദഗ്ധ സമിതി

കോട്ടയം: നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിയുമായി സംസ്ഥാന സർക്കാരിന് മുന്നോട്ട് പോകാമെന്ന് വിദഗ്ധ സമിതി.

സാമൂഹിക ആഘാത പഠന റിപ്പോർട്ട് അവലോകനം ചെയ്ത ഒൻപതംഗ സമിതിയാണ് സർക്കാരിന് ശുപാർശ നല്‍കിയത്.
സ്ഥലമേറ്റെടുക്കുമ്പോള്‍ കിടപ്പാടം നഷ്ടപ്പെടുന്നവർക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കണമന്നും റിപ്പോർട്ടില്‍ പറയുന്നു.

തൃക്കാക്കര ഭാരത് മാത കോളേജിലെ സ്കൂള്‍ ഓഫ് സോഷ്യല്‍ വർക്ക് വിഭാഗമാണ് ശബരിമല ഗ്രീൻഫീല്‍ഡ് വിമാനത്താവളത്തിന്‍റെ സാമൂഹിക ആഘാത പഠനം നടത്തിയത്. രണ്ടു മാസം കൊണ്ട് നടത്തിയ പഠനത്തിന്‍റെ റിപ്പോർട്ടാണ് സാമൂഹിക നീതി വകുപ്പിലെ അഡീഷണല്‍ ഡയറക്ടറായിരുന്ന പി പ്രതാപൻ ചെയർമാനായ ഒൻപതംഗ വിദഗ്ധ സമിതി അവലോകനം ചെയ്തത്.
വിമാനത്താവളത്തിലൂടെ നാടിന് ഉണ്ടാകുന്ന സാമ്പത്തിക – സാമൂഹിക പ്രയോജനം പദ്ധതിയുണ്ടാക്കുന്ന സാമൂഹിക ആഘാതത്തേക്കാള്‍ കൂടുതലാണെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍.
ഇതിനാല്‍ തന്നെ സംസ്ഥാന സർക്കാരിന് വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് പോകാം.

ശബരിമല തീർത്ഥാടകർ, പ്രവാസികള്‍, വിനോദസഞ്ചാരികള്‍ തുടങ്ങി ഭാവിയില്‍ വിമാനത്താവളം ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കും. സർക്കാരിന്‍റെ പ്രധാനപ്പെട്ട വരുമാന സ്രോതസായി പദ്ധതിയെ മാറ്റിയെടുക്കാൻ കഴിയും. എന്നാല്‍, ചെറുവള്ളി എസ്റ്റേറ്റ് ഇല്ലാതാകുന്നതോടെ പെരുവഴിയിലാകുന്നവരെ സംസ്ഥാന സർക്കാർ സംരക്ഷിക്കണം.