കൊച്ചി: പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ച് ഫോര്‍ട്ട് കൊച്ചി വെളി മൈതാനത്ത് സ്ഥാപിച്ച പപ്പാഞ്ഞിയെ കത്തിക്കാന്‍ ഹൈക്കോടതി അനുമതി.
സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കണമെന്നതടക്കം ഉപാധികളോടെയാണ് ജസ്റ്റിസ് ഹരിശങ്കര്‍ വി.മേനോന്‍ പപ്പാഞ്ഞിയെ കത്തിക്കാന്‍ അനുമതി നല്‍കിയത്. പാപ്പാഞ്ഞിക്ക് ചുറ്റും 72 അടി ദൂരത്തില്‍ സുരക്ഷാ വേലി വേണമെന്നാണ് പ്രധാന നിര്‍ദേശം.
വലിയ പാപ്പാഞ്ഞി കത്തിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ കൂടി നില്‍ക്കുന്നവരുടെ ദേഹത്ത് വീഴുന്നത് ഒഴിവാകുക ലക്ഷ്യമിട്ടാണ് നിര്‍ദേശം.
40 അടി ഉയരമുള്ള പപ്പാഞ്ഞിയെ കത്തിക്കാന്‍ അനുവദിക്കില്ലെന്നും ഇതു നീക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടതിനെതിരെ സംഘാടകരായ ഗാല ഡി ഫോര്‍ട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി അനുവദിച്ചതോടെ ഇത്തവണ ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനത്തും വെളി മൈതാനത്തും പപ്പാഞ്ഞിയെ കത്തിക്കും.
