കോട്ടയം: വേനല്‍ക്കാലം ആകുന്നേയുള്ളൂവെങ്കിലും ഇപ്പോഴേ കടുത്ത ചൂടാണ് പലയിടത്തും അനുഭവപ്പെടുന്നത്.
വീടിന് പുറത്ത് മാത്രമല്ല, വീടിനകത്തും ചൂട് തന്നെയാണ്. എത്ര സ്പീഡില്‍ ഫാൻ കറക്കിയിട്ടും ചൂട് കുറയാത്ത അവസ്ഥയാണ് പല വീടുകളിലും. ഇതുമൂലം സുഖമായി ഉറങ്ങാൻ പോലും സാധിക്കുന്നില്ല.
പലരും ഇപ്പോഴേ ഏസി ബുക്ക് ചെയ്‌തുകഴിഞ്ഞു.
എന്നാല്‍ വൻവില കൊടുത്ത് ഏസി വാങ്ങുകയെന്നത് എല്ലാവർക്കും സാധിക്കുന്ന കാര്യമല്ല. മാത്രമല്ല ഏസി വച്ചാല്‍ ഉണ്ടാകുന്ന കറണ്ട് ബില്ല് ഓർത്തും പലർക്കും പേടിയാണ്. അപ്പോള്‍ പിന്നെ എന്ത് ചെയ്യും?
വലിയ ചെലവൊന്നുമില്ലാതെ വീടിനകത്തെ ചൂട് കുറയ്ക്കാൻ എന്താണ് വഴി.
ചില കാര്യങ്ങള്‍ ചെയ്താല്‍ വീടിനകത്തെ ചൂട് ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും.
വൈക്കോല്‍ കൊണ്ട് ഒരു സൂത്രമുണ്ട്. വലിയൊരു പ്ലാസ്റ്റ് ഷീറ്റ് ടെറസില്‍ ഇടുക. ഇതിനുമുകളിലായി വൈക്കോല്‍ നിരത്തിവച്ചുകൊടുക്കാം. ഇടയ്ക്കിടെ നനയ്ക്കുകയും വേണം. ഇതുവഴി റൂമിനകത്തെ ചൂട് കുറയ്ക്കാൻ സാധിക്കും.
ടെറസില്‍ പച്ചക്കറിയോ മറ്റോ കൃഷി ചെയ്യുന്നതും ചൂട് കുറയ്ക്കാൻ സഹായിക്കും. നല്ല ചൂടുള്ള സമയങ്ങളില്‍ വലിയ ഒരു പാത്രത്തില്‍ തണുത്ത വെള്ളമെടുത്ത് കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിന്റെ താഴെ വയ്ക്കാം. ഇതുവഴിയും അകത്തളങ്ങളിലെ ചൂട് ചെറിയ രീതിയില്‍ കുറയ്ക്കാനാകും.
