പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിന് മുമ്പ് മുംബൈ ഇന്ത്യന്‍സിന് തിരിച്ചടി; രോഹിത് ശര്‍മയുടെ കാര്യത്തില്‍ ഉറപ്പില്ല; പരിക്ക് തലവേദനയാകുന്നു

മുംബൈ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ നിര്‍ണായക പോരാട്ടത്തിന് മുന്നോടിയായി നായകന്‍ രോഹിത് ശര്‍മ്മയുടെ പരിക്ക് മുംബൈ ഇന്ത്യന്‍സിന് തലവേദനയാകുന്നു.

മത്സരദിവസം മാത്രമേ രോഹിത് കളിക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കൂ എന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. കഴിഞ്ഞ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ റണ്‍ ചേസിനിടെയാണ് രോഹിത്തിന് പരിക്കേറ്റത്.

ആറാം ഓവറില്‍ ഫിസിയോയുടെ സഹായം തേടിയ താരം, ഒരു പന്ത് കൂടി നേരിട്ട ശേഷം റിട്ടയേര്‍ഡ് ഹര്‍ട്ട് ആയി കളം വിടുകയായിരുന്നു. രോഹിത്തിന്റെ പരിക്കിന്റെ വ്യാപ്തി അറിയാന്‍ സ്‌കാനിംഗിന് വിധേയനാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

മെഡിക്കല്‍ സംഘവും കോച്ചിംഗ് സ്റ്റാഫും രോഹിത്തിന്റെ ആരോഗ്യനില വിലയിരുത്തി വരികയാണെന്ന് മുംബൈ ഇന്ത്യന്‍സ് പ്രതിനിധി അറിയിച്ചു. അതേസമയം, വില്‍ ജാക്‌സ് ഉടന്‍ തന്നെ ടീമിനൊപ്പം ചേരുമെന്നും ഫ്രാഞ്ചൈസി വ്യക്തമാക്കിയിട്ടുണ്ട്.

രോഹിത് ശര്‍മ്മയ്ക്ക് കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഓപ്പണിംഗ് സ്ഥാനത്തേക്ക് മുംബൈയ്ക്ക് മുന്നില്‍ നിരവധി ഓപ്ഷനുകളുണ്ട്. ക്വിന്റണ്‍ ഡി കോക്ക് – റയാന്‍ റിക്കിള്‍ട്ടണ്‍ സഖ്യത്തെ പരീക്ഷിക്കാന്‍ സാധ്യതയുണ്ടെങ്കിലും വിദേശ താരങ്ങളുടെ ക്വാട്ടയില്‍ മാറ്റം വരുത്തേണ്ടി വരും.