കാഞ്ഞിരപ്പള്ളിയിൽ വിദ്യാർത്ഥിനിയുടെ പഴ്സ് മോഷ്ടിച്ചുകൊണ്ട് ഓടിയ പ്രതിയെ യാത്രക്കാരൻ ഓടിച്ചിട്ട് പിടികൂടി

കാഞ്ഞിരപ്പള്ളി: വിദ്യാർത്ഥിനിയുടെ പഴ്സ് മോഷ്ടിച്ചുകൊണ്ട് ഓടിയ പ്രതിയെ യാത്രക്കാരൻ ഓടിച്ചിട്ട് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

തിരുവല്ല സ്വദേശി ജോഷി (32) യെയാണ് പിടികൂടിയത്. കാഞ്ഞിരപ്പള്ളി ബസ്‌സ്റ്റാൻഡില്‍ ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം.

പാലാ സ്വദേശിനിയായ വിദ്യാർത്ഥിനി കട്ടപ്പനയിലെ കോളേജ് ഹോസ്റ്റലില്‍നിന്ന് വീട്ടിലേക്ക് പോകുന്ന വഴി ബസ്‌സ്റ്റാൻഡിലിറങ്ങി പാലാ ബസില്‍ കയറുന്ന സമയത്താണ് പ്രതി പഴ്സ് മോഷ്ടിച്ചുകൊണ്ട് ഓടിയത്.

വിദ്യാർത്ഥിനി ബഹളം വച്ചതോടെ സമീപത്തുനിന്ന വില്ലണി സ്വദേശിയായ പുതുക്കാട്ടുപ്പറമ്പില്‍ അജ്മല്‍ മോഷ്ടാവിന്‍റെ പുറകെ ഓടുകയായിരുന്നു.

ബസ്‌സ്റ്റാൻഡിന്‍റെ പുറകുവശത്തുള്ള സ്റ്റെപ്പ് കയറി ദേശീയപാതവഴി പേട്ടക്കവലയ്ക്ക് സമീപമുള്ള മീൻകടയുടെ പുറകുവശത്തേക്ക് ഓടിയ മോഷ്ടാവിനെ 350 മീറ്ററോളം ദൂരം ഓടിച്ചിട്ടാണ് അജ്മല്‍ പിടികൂടിയത്.

ദേശീയപാതയോരത്തുകൂടി ഓടുമ്പോള്‍ ഒരു സ്‌കൂട്ടര്‍ യാത്രികനോട് പിന്തുടരാന്‍ ആവശ്യപ്പെട്ടുകയും തുടര്‍ന്ന് മോഷ്ടാവ് സ്വകാര്യവ്യക്തിയുടെ സ്ഥലത്തേക്ക് ഓടിയപ്പോള്‍ പിടികൂടുകയുമായിരുന്നെന്ന് അജ്മല്‍ പറഞ്ഞു.

പിന്നാലെ കടകളിലെ വ്യാപാരികളും യാത്രക്കാരും എത്തിയതോടെ മോഷ്ടാവിനെ ബസ്‌സ്റ്റാന്‍ഡിലെത്തിച്ച്‌ പോലീസിന് കൈമാറി. സംഭവത്തില്‍ പോലീസ് കേസെടുത്തു.