കോട്ടയം മണര്‍കാട് മിഠായി കഴിച്ചയുടന്‍ നാലുവയസുകാരന് ദേഹാസ്വാസ്ഥ്യം; പരിശോധനയില്‍ ലഹരിയുടെ അംശം; പരാതിയുമായി മാതാപിതാക്കള്‍

കോട്ടയം: നാലുവയസുകാരന്‍ കഴിച്ച ചോക്‌ളേറ്റില്‍ ലഹരി മരുന്ന് കലര്‍ന്നതായി സംശയം.

മണര്‍കാട് സ്വദേശിയായ കുട്ടിയ്ക്ക് മിഠായി കഴിച്ചയുടന്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.
കുട്ടി ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് ലഹരിയുടെ അംശം കണ്ടെത്തുകയുമായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ജില്ലാ കളക്ടര്‍ക്കും പൊലീസ് മേധാവിക്കും പരാതി നല്‍കി.

കഴിഞ്ഞ മാസം 17നാണ് കുട്ടിയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. സ്‌കൂള്‍ വിട്ട് വന്ന കുട്ടി ദീര്‍ഘനേരം ഉറങ്ങുകയും തനിക്ക് ക്ഷീണമാണെന്ന് മാതാപിതാക്കളെ അറിയിക്കുകയുമായിരുന്നു.

ഒരു ചോക്‌ളേറ്റ് കഴിച്ചപ്പോള്‍ മുതലാണ് ഉറക്കം വരാന്‍ തുടങ്ങിയതെന്ന് കുട്ടി തന്നെയാണ് മാതാപിതാക്കളെ അറിയിച്ചത്. സ്‌കൂളില്‍ നിന്നാണ് മിഠായി കിട്ടിയതെന്ന് കുട്ടി പറഞ്ഞു.