ഗൂഗിള്‍ അറിവുതരും, പക്ഷേ ചിന്താശേഷി കവര്‍ന്നെടുക്കും…! ചരിത്രത്തിലാദ്യമായി മനുഷ്യന്റെ ബുദ്ധി കുറയുന്നു; എന്താണ് ‘റിവേഴ്സ് ഫ്ലിൻ ഇഫക്റ്റ്’? അറിയാം വിശദമായി…

കൊച്ചി: ഓരോ പുതിയ തലമുറയും മുൻഗാമികളേക്കാള്‍ ബുദ്ധിശക്തിയുള്ളവരായിരിക്കും എന്ന പതിറ്റാണ്ടുകളായുള്ള വിശ്വാസം തിരുത്തിക്കുറിച്ചുകൊണ്ടുള്ള പുതിയ പഠന റിപ്പോർട്ടുകള്‍ പുറത്ത്.

മില്ലേനിയലുകളെ അപേക്ഷിച്ച്‌ ഐക്യു നിലവാരത്തില്‍ പിന്നോട്ട് പോകുന്ന ആദ്യ തലമുറയായി ‘ജെൻ സി’ മാറുന്നുവെന്നാണ് ശാസ്ത്രലോകം നല്‍കുന്ന മുന്നറിയിപ്പ്. ‘റിവേഴ്സ് ഫ്ലിൻ ഇഫക്റ്റ്’ എന്ന് വിളിക്കപ്പെടുന്ന ഈ പ്രതിഭാസം മനുഷ്യന്റെ ഭാവി വികാസത്തെ സംബന്ധിച്ച്‌ വലിയ ആശങ്കകളാണ് ഉയർത്തുന്നത്.

എന്താണ് ‘ഫ്ലിൻ ഇഫക്റ്റ്’, എന്തുകൊണ്ട് അത് തിരിയുന്നു?

1930-കള്‍ മുതല്‍ ഓരോ ദശകത്തിലും മനുഷ്യന്റെ ശരാശരി ഐക്യു സ്കോറില്‍ വലിയ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. മികച്ച വിദ്യാഭ്യാസം, മെച്ചപ്പെട്ട പോഷകാഹാരം, ആരോഗ്യപരിരക്ഷ എന്നിവയിലൂടെ കൈവന്ന ഈ ബുദ്ധിപരമായ വളർച്ചയെയാണ് മനഃശാസ്ത്രജ്ഞനായ ജെയിംസ് ഫ്ലിൻ നിരീക്ഷിച്ചത്. ഇത് ‘ഫ്ലിൻ ഇഫക്റ്റ്’ എന്ന് അറിയപ്പെട്ടു.

എന്നാല്‍ 1990-കള്‍ക്ക് ശേഷം ജനിച്ചവരില്‍ ഈ വളർച്ചാ ഗ്രാഫ് താഴേക്ക് പോകുന്നതായാണ് നോർവേ, ഡെന്മാർക്ക്, ബ്രിട്ടൻ എന്നിവിടങ്ങളില്‍ നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ബുദ്ധിശക്തിയിലെ ഈ ഇടിവിനെയാണ് വിദഗ്ദ്ധർ ‘റിവേഴ്സ് ഫ്ലിൻ ഇഫക്റ്റ്’ എന്ന് വിശേഷിപ്പിക്കുന്നത്.

വില്ലനാകുന്നത് സാങ്കേതികവിദ്യയും ജീവിതശൈലിയും

സാങ്കേതികവിദ്യ വിരല്‍ത്തുമ്ബിലുണ്ടെങ്കിലും അത് മനുഷ്യന്റെ ചിന്താശേഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

ഡിജിറ്റല്‍ അമ്നീഷ്യ: എന്തിനും ഗൂഗിളിനെ ആശ്രയിക്കുന്നതിനാല്‍ വിവരങ്ങള്‍ വിശകലനം ചെയ്യാനോ ആഴത്തില്‍ ചിന്തിക്കാനോ ഉള്ള ക്ഷമ പുതിയ തലമുറയ്ക്ക് നഷ്ടപ്പെടുന്നു.

വായനാശീലത്തിന്റെ കുറവ്: സ്ക്രീനുകളിലെ വിവരശേഖരണത്തേക്കാള്‍ തലച്ചോറിനെ ഉത്തേജിപ്പിക്കുന്നത് പുസ്തക വായനയാണ്. ലാപ്‌ടോപ്പുകളുടെയും ടാബുകളുടെയും അമിത ഉപയോഗം വായനയില്‍ നിന്നുള്ള സങ്കീർണ്ണമായ മസ്തിഷ്ക പ്രവർത്തനങ്ങളെ കുറയ്ക്കുന്നു.

കുറഞ്ഞ അറ്റൻഷൻ സ്പാൻ: ഇൻസ്റ്റാഗ്രാം റീല്‍സുകളും ഹ്രസ്വ വീഡിയോകളും നല്‍കുന്ന ഡോപ്പമിൻ സ്വാധീനം കാരണം ദീർഘനേരം ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ കുട്ടികള്‍ക്ക് പ്രയാസം അനുഭവപ്പെടുന്നു.

പോഷകാഹാരക്കുറവും മലിനീകരണവും: തലച്ചോറിന്റെ വികാസത്തിന് ആവശ്യമായ ഒമേഗ-3 ഫാറ്റി ആസിഡുകളുടെ കുറവും ജങ്ക് ഫുഡിന്റെ അമിത ഉപയോഗവും ബുദ്ധിശക്തിയെ ബാധിക്കുന്നു. കൂടാതെ വായു മലിനീകരണം കുട്ടികളിലെ നാഡീവ്യൂഹത്തെ ദോഷകരമായി ബാധിക്കുന്നതായും പഠനങ്ങള്‍ പറയുന്നു.

പരിഹാരമാർഗ്ഗങ്ങള്‍

ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് അടക്കമുള്ള സംവിധാനങ്ങള്‍ സജീവമാകുമ്പോഴും അവയെ നിയന്ത്രിക്കാൻ മനുഷ്യന്റെ സ്വാഭാവിക ബുദ്ധി അനിവാര്യമാണ്. വിദ്യാഭ്യാസ രീതികളില്‍ കാതലായ മാറ്റം വരുത്തുക, പുസ്തക വായന പ്രോത്സാഹിപ്പിക്കുക, നേരിട്ടുള്ള സംവാദങ്ങള്‍ക്കും ചിന്തകള്‍ക്കും ഇടം നല്‍കുക എന്നിവയാണ് ഈ പ്രതിസന്ധിക്കുള്ള പരിഹാരമായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.