രശ്‌മിക മന്ദാനയുടെ ഡീപ് ഫേയ്ക്ക് വീഡിയോ: 19കാരൻ കസ്റ്റഡിയില്‍: ചോദ്യം ചെയ്യല്‍ തുടരുന്നു

ഡല്‍ഹി: തെന്നിന്ത്യൻ നടി രശ്‌മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിപ്പിച്ച കേസില്‍ ബീഹാര്‍ സ്വദേശിയായ 19കാരനെ ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്, വീഡിയോ ഈ യുവാവാണ് ആദ്യം പ്രചരിപ്പിച്ചതെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

ഡിപ് ഫേക്ക് വീഡിയോ പ്രചരിപ്പിച്ച കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ കേസെടുത്തത്. വ്യാജമായി വീഡിയോ നിര്‍മ്മിച്ചതിനും ഐ.ടി ആക്ടും ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ കേന്ദ്ര ഐ.ടി മന്ത്രാലയം വീഡിയോയ്ക്കെതിരെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അതേസമയം രശ്മികയുടെ മറ്റൊരു ഡീപ്പ് ഫേക്ക് വീഡിയോ കൂടി പുറത്തുവന്നിരുന്നു. എന്നാല്‍ ആദ്യ ക്ലിപ്പ് പോലെ അശ്ലീല വീഡിയോ അല്ല ഇപ്പോള്‍ പുറത്തുവന്നത്. മറ്റൊരു യുവതിയുടെ മുഖത്ത് രശ്മികയുടെ മുഖം മോര്‍ഫ് ചെയ്ത രീതിയിലാണ് വീഡിയോ. ക്രഷ്മിക എന്ന പേരിലുള്ള രശ്മികയുടെ ഫാൻ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.