കരാറിൽ പറയാത്ത കാര്യങ്ങൾ ചിത്രീകരണ വേളയിൽ ചെയ്യേണ്ടി വരുന്നു, ഷൂട്ടിം​ഗ് ആരംഭിച്ചാൽ കൂടുതൽ ശരീര ഭാ​ഗങ്ങൾ കാണിക്കാൻ ആവശ്യപ്പെടും, ലിപ് ലോക്ക് സീനുകളിൽ വരെ അഭിനയിക്കണം, ഒടുവിൽ ഷൂട്ടിം​ഗ് അവസാനിപ്പിച്ച് സെറ്റിൽ നിന്നും പുറത്തുപോകേണ്ട അവസ്ഥ

കൊച്ചി: ഒരു സിനിമയുടെ ഷൂട്ടിം​ഗ് തുടങ്ങുന്നതിന് മുമ്പുള്ള കരാറിൽ പറയാത്ത കാര്യങ്ങൾ ചിത്രീകരണ വേളയിൽ അഭിനേത്രികൾക്ക് ചെയ്യേണ്ടി വരുന്നുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 170മത്തെ പേജിലെ 328മത്തെ പാര​ഗ്രാഫിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.

പ്രതിഫലം അടക്കമുള്ള കാര്യങ്ങൾ കരാറിൽ പറയാറില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നു. ന​ഗ്നത എത്രത്തോളം പ്രദർശിപ്പിക്കണം എന്ന കാര്യം സംബന്ധിച്ച ഒരു മുന്നറിയിപ്പും കരാറിൽ ലഭിച്ചിട്ടില്ലെന്നാണ് ഒരു നടി ഹേമ കമ്മിറ്റിയോട് പറഞ്ഞിരിക്കുന്നത്.

വളരെ കുറച്ച് ശരീര ഭാ​ഗങ്ങൾ മാത്രമെ കാണിക്കൂ എന്ന് പറഞ്ഞ് ഷൂട്ടിം​ഗ് ആരംഭിച്ച ശേഷം അണിയറക്കാർ കൂടുതൽ ശരീര ഭാ​ഗങ്ങൾ കാണിക്കാൻ ആവശ്യപ്പെടുന്നു. ചിത്രീകരണം തുടങ്ങുമ്പോൾ ലിപ് ലോക്ക് സീനുകളിൽ വരെ അഭിനയിക്കാൻ ആവശ്യപ്പെടുന്നുവെന്നും ഈ നടി വെളിപ്പെടുത്തിയിരിക്കുന്നു.

പുറക് വശമെ കാണിക്കൂ എന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ, കരാറിൽ പറയുന്നതിനെക്കാൾ കൂടുതൽ ന​ഗ്നത പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ടു. ഒടുവിൽ ഷൂട്ടിം​ഗ് അവസാനിപ്പിച്ച് സെറ്റിൽ നിന്നും പുറത്തേക്ക് പേകേണ്ട അവസ്ഥയാണ് നടിയ്ക്ക് ഉണ്ടായിട്ടുള്ളതെന്നും നടി പറഞ്ഞു.