ഉറങ്ങി കിടന്ന പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; രണ്ടാനച്ഛന് ആറ് വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും

തിരുവനന്തപുരം: ഉറങ്ങി കിടന്ന പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് ആറ് വര്‍ഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.

വിളപ്പില്‍ശാല സ്വദേശിയായ മുപ്പത്തിയൊൻപതുകാരനെ അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേശ് കുമാറാണ് ശിക്ഷിച്ചത്.
പിഴ തുക അതിജീവിതയ്ക്ക് നല്‍കണം. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി അഞ്ച് മാസം അധിക തടവു കൂടി അനുഭവിക്കണം.

2018 ഫെബ്രുവരി 20ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സമീപത്ത് ഉറങ്ങിയ പെണ്‍കുട്ടിയെ പ്രതി ഉപദ്രവിക്കുകയായിരുന്നു. കുട്ടി അമ്മയെ വിവരം അറിയിച്ചു. തുടര്‍ന്ന് അമ്മ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. മുൻപും പല തവണ പ്രതി ഇത്തരം കൃത്യം ചെയ്യുന്നതിന് ശ്രമിച്ചിരുന്നതായി അതിജീവിത കോടതിയില്‍ മൊഴി നല്‍കി.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ളിക് പ്രേസിക്യൂട്ടര്‍ ഡി ആര്‍ പ്രമോദ് ഹാജരായി.