പത്തനംതിട്ട: യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കെട്ടിത്തൂക്കി കൊന്ന കേസിലെ പ്രതി മല്ലപ്പള്ളി കോട്ടാങ്ങല്‍ പുളിമൂട്ടില്‍ വീട്ടില്‍ നസീറിന് (നെയ്‌മോൻ -46) ജീവപര്യന്തം കഠിന തടവ്.
ലൈംഗിക പീഡനത്തിന് 10 വർഷവും വീട്ടില്‍ അതിക്രമിച്ച് കടന്നതിന് ഏഴുവർഷം തടവും അനുഭവിക്കണം. പത്തനംതിട്ട അഡീഷനല്‍ ജില്ലാ കോടതി (1) ജഡ്ജി ജി. പി. ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്.മല്ലപ്പള്ളി കോട്ടാങ്ങല്‍ പുല്ലാഞ്ഞിപ്പാറ കണയങ്കല്‍ വീട്ടില്‍ ടിഞ്ചു മൈക്കിള്‍ (26) ആണ് കൊല്ലപ്പെട്ടത്.
2019 ഡിസംബർ 15നാണ് കേസിനാസ്പദമായ സംഭവം. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായിരുന്ന ടിഞ്ചു ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനായ ടിജിൻ ജോസഫിനൊപ്പം താമസിക്കുകയായിരുന്നു. തടിക്കച്ചവടക്കാരനും അയല്‍വാസിയുമായ നസീർ ടിജിന്റെ പിതാവിന്റെ പരിചയക്കാരനാണ്.സംഭവദിവസം ടിജിനും പിതാവും പുറത്തു പോയിരിക്കുകയായിരുന്നു. ടിഞ്ചു മാത്രമായിരുന്നു വീട്ടില്‍. ഈ സമയം എത്തിയ നസീർ കിടപ്പുമുറിയില്‍ വച്ച് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിക്കവേ കട്ടിലില്‍ തല ഇടിച്ച് ടിഞ്ചു അബോധാവസ്ഥയിലായി. തുടർന്ന് ക്രൂരമായി പീഡിപ്പിച്ചശേഷം ടിഞ്ചുവിനെ മുറിയുടെ മേല്‍ക്കൂരയിലെ ഇരുമ്പ് ഹുക്കില്‍ കെട്ടിത്തൂക്കി നസീർ കടന്നു.
ടിജിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്ന് പെരുമ്പെട്ടി എസ്.ഐ ആയിരുന്ന ഷെരീഫ് കുമാറാണ് കേസ് അന്വേഷിച്ചത്. തൂങ്ങിമരണം എന്ന നിലയ്ക്കായിരുന്നു ലോക്കല്‍ പൊലീസിന്റെ അന്വേഷണം. ദൂരൂഹത ആരോപിച്ച് പരാതികള്‍ ഉയർന്നതോടെ ജില്ലാ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ലൈംഗിക പീഡനവും കൊലപാതകവും നടന്നതായി കണ്ടെത്തിയത്.
ടിഞ്ചുവിന്റെ ശരീരത്തില്‍ അമ്പതിലധികം മുറിവുകള്‍ കണ്ടെത്തിയിരുന്നു.മൃതദേഹത്തിലെ നഖത്തില്‍ നിന്നു ലഭിച്ച രക്തസാമ്പിളാണ് തുമ്പായത്.
