ഹൈദരാബാദ്: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രഞ്ജി ട്രോഫി കിരീടം നേടിയാല്‍ ഹൈദരാബാദ് ക്രിക്കറ്റ് ടീമിലെ ഓരോ കളിക്കാരനും ബി എം ഡബ്ല്യു കാറും ടീമിന് ഒരു കോടി രൂപയും സമ്മാനം വാഗ്ദാനം ചെയ്ത് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ തലവന്‍ ജഗന്‍മോഹന്‍ റാവു.ഈ സീസണില്‍ ഇന്ത്യന്‍ താരം തിലക് വര്‍മയുടെ ക്യാപ്റ്റന്‍ സിയില്‍ പ്ലേറ്റ് ഗ്രൂപ്പില്‍ മത്സരിച്ച ഹൈദരാബാദ് ഫൈനലില്‍ മേഘാലയയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് അടുത്ത സീസണില്‍ എലൈറ്റ് ഗ്രൂപ്പിലേക്ക് യോഗ്യത നേടിയതിന് പിന്നാലെയാണ് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ മേധാവിയുടെ വമ്ബന്‍ പ്രഖ്യാപനം വന്നത്.
പ്ലേറ്റ് ഗ്രൂപ്പ് ഫൈനലില്‍ മേഘാലയയെ തോല്‍പ്പിച്ച് എലൈറ്റ് ഗ്രൂപ്പിലേക്ക് യോഗ്യത നേടിയ ഹൈദരാബാദ് ടീമിന് 10 ലക്ഷം രൂപ സമ്മാനവും മികച്ച പ്രകടനം നടത്തിയവര്‍ക്ക് 50000 രൂപയും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഹൈദരാബാദ് രഞ്ജി ട്രോഫി കിരീടം നേടിയാല്‍ ഓരോ കളിക്കാരനും ബിഎംഡബ്ല്യു കാറും ടീമിന് ഒരു കോടി രൂപയും നല്‍കുമെന്ന് ജഗന്‍ മോഹന്‍ റാവു പ്രഖ്യാപിച്ചത്.
