കൊച്ചി : നടിയെ ആക്രമിച്ച കേസിൽ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് നടി നല്കിയ ഹരജിയിലാണ് ഹൈകോടതിയുടെ ഉത്തരവ്. അതേസമയം, റിപ്പോർട്ടിന്റെ പകർപ്പ് വേണമെന്ന നടൻ ദിലീപിന്റെ ആവശ്യം കോടതി തള്ളി.
മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതില്‍ ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന ആവശ്യം ഹൈകോടതി നേരത്തെ അംഗീകരിച്ചിരുന്നു. എറണാകുളം ജില്ല സെഷൻസ് ജഡ്ജിക്ക് അന്വേഷണം നടത്താമെന്നും ആവശ്യമെങ്കില്‍ പൊലീസിന്റെയോ മറ്റ് ഏജൻസികളുടെയോ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി.
ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവർക്കെതിരെ ക്രിമിനല്‍ പ്രൊസീജ്യർ ആക്ട് പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. തെളിവുകള്‍ സീല്‍ ചെയ്ത് സൂക്ഷിക്കണമെന്നും ആവശ്യമെങ്കില്‍ ലോക്കർ ഉപയോഗിക്കാമെന്നും ഹൈകോടതി വ്യക്തമാക്കിയിരുന്നു.
വിചാരണ കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്ന് ഫോറൻസിക് റിപ്പോർട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ തുടരന്വേഷണം നടക്കുന്ന സമയമായതിനാല്‍ ഹാഷ് വാല്യു മാറിയിട്ടുണ്ടോ എന്നത് പരിശോധിക്കാമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്റെ ബെഞ്ച് ആദ്യ ഘട്ടത്തില്‍ പറയുകയും ഏഴ് ദിവസത്തിനകം സർക്കാർ അംഗീകൃത ലാബില്‍ അത് പരിശോധിച്ച് റിപ്പോർട്ട് നല്‍കണമെന്ന്
നിർദേശിക്കുകയും ചെയ്തിരുന്നു. അങ്ങനെ നല്കിയ റിപ്പോർട്ടിലും മൂന്ന് തവണ മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചതായി കണ്ടെത്തുകയും ചെയ്തു. 2018 ജനുവരിയിലും ഡിസംബറിലും 2021 ജൂലൈയിലുമാണ് മെമ്മറി കാർഡ് തുറന്നിരിക്കുന്നത്. ഇതില്‍ അവസാന വട്ടം ഹാഷ് വാല്യുവില്‍ മാറ്റമുണ്ടായതായാണ് കണ്ടെത്തല്‍. ഈ തവണ ജിയോ നെറ്റ്വർക്ക് ഉപയോഗിക്കുന്ന വിവോ ഫോണില്‍ നിന്നാണ് കാർഡ് തുറന്നിരിക്കുന്നത്. ഈ ഫോണില്‍ വാട്ട്സ്ആപ്പ്, ടെലഗ്രാം അടക്കമുണ്ട്.
മെമ്മറി കാർഡ് ഇട്ട് പരിശോധിച്ച സാഹചര്യത്തില്‍ തന്റെ ദൃശ്യങ്ങള്‍ ചോർന്നിട്ടുണ്ടോ എന്ന ആശങ്കയാണ് നടി പ്രധാനമായും കോടതിയില്‍ ഉന്നയിച്ചത്. ഇത് തന്റെ സ്വകാര്യതയെ ബാധിക്കുമെന്നും അതിനാല്‍ ഇതില്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നുമായിരുന്നു ആവശ്യം. കേസിലെ എട്ടാംപ്രതിയായ ദിലീപ് നടിയുടെ ഹരജിയെ എതിർത്തിരുന്നു.
