വഞ്ചന കേസില്‍ കോടതിയില്‍ ഹാജരായി രജനീകാന്തിന്റെ ഭാര്യ ലതാ രജനീകാന്ത്.

‘കൊച്ചടൈയാൻ’ സിനിമയുമായി ബന്ധപ്പെട്ട വഞ്ചന കേസില്‍ നടൻ രജനീകാന്തിന്റെ ഭാര്യ ലതാ രജനീകാന്ത് കോടതിയില്‍ ഹാജരായി ജാമ്യം എടുത്തു .ചെന്നൈ ആസ്ഥാനമായുള്ള ആഡ് ബ്യൂറോ അഡ്വര്‍ടൈസിംഗ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ കേസിലാണ് ലത രജനീകാന്ത് ബംഗളൂരു മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി ജാമ്യം എടുത്തത്.

ആഡബ്യൂറോ അഡ്വര്‍ടൈസിംഗ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ കേസില്‍ രജനീകാന്ത് നായകനായി എത്തിയ ‘കൊച്ചടൈയാൻ’ എന്ന സിനിമയുമായി ബന്ധപ്പെട്ട പണം വാങ്ങി വഞ്ചിച്ചെന്നാണ് ലതക്കെതിരായ ആരോപണം. ആഡ് ബ്യൂറോ ആയിരുന്നു രജനീകാന്തിന്റെ മകള്‍ സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്ത കൊച്ചടൈയാൻ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡ്യൂസര്‍.

ഇവര്‍ നിക്ഷേപിച്ച 14.9 കോടി രൂപയ്‌ക്ക് ലതാ രജനീകാന്ത് ജാമ്യം നില്‍ക്കുകയും തുക തിരികെ ലഭിച്ചില്ലെന്ന് ആരോപിച്ചാണ് ആഡ് ബ്യൂറോ കോടതിയെ സമീപിച്ചത്. നേരത്തെ ലതയുടെ പേരിലുള്ള കേസില്‍ വഞ്ചനയ്‌ക്കും തെറ്റായ വിവരങ്ങള്‍ നല്‍കിയതിനും ചുമത്തിയ വകുപ്പുകള്‍ കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു എങ്കിലും എതിര്‍കക്ഷി സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കുറ്റങ്ങള്‍ സുപ്രീംകോടതി പുനഃ സ്ഥാപിക്കുകയായിരുന്നു.

വിചാരണ ദിവസങ്ങളില്‍ കോടതിയില്‍ ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും നിര്‍ദ്ദേശിച്ച്‌ ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലും 25000 രൂപ പണമടച്ചും ലതയ്‌ക്ക് ജാമ്യം അനുവദിച്ച കോടതി കേസ് ജനുവരി ആറിലേക്ക് മാറ്റി.