മലപ്പുറം: മുന്നിയൂർ കളിയാട്ടുമുക്കിൽ തേനീച്ചയുടെ കുത്തേറ്റ് കുട്ടികൾ ഉൾപ്പടെ 22 പേർക്ക് പരിക്കേറ്റു. മുന്നിയൂർ ചാലിൽ സ്കൂളിന് സമീപത്തായിട്ടാണ് തേനീച്ചക്കൂട് ഉണ്ടായിരുന്നത്. ഇന്ന് ഉച്ചകഴിഞ്ഞോടെയാണ് സംഭവം. തേനീച്ചയുടെ ആക്രമണത്തിൽ ഒരാളുടെ നില ഗുരുതരം.
കുത്തേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിട്ടയേഡ് തഹസിൽദാർ അച്യുതൻ നായർ ആണ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. നിസ്സാര പരിക്കേറ്റവർ പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങി.
സ്കൂളിനോട് ചേർന്നുള്ള തേനീച്ച കൂട്ടിലേക്ക് കുട്ടികൾ കല്ലെറിഞ്ഞതാണോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. സമീപത്തോടെ ബസിൽ സഞ്ചരിച്ച യാത്രക്കാർക്കും തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
