മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യൽമീഡിയയിലൂടെ അല്ല, ഹൈക്കമാൻഡാണ്; വിവാദങ്ങളിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല

തിരഞ്ഞെടുപ്പ് ഫലം വരുന്നതിനെ മുന്നേ തന്നെ കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരെന്നുള്ള യുഡിഎഫിലെ ചർച്ച വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കുന്നത്. കോൺഗ്രസിലെ മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള തർക്കത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രമേശ് ചെന്നിത്തല. വിവാദങ്ങൾക്ക് താൽപര്യമില്ലെന്നും, സോഷ്യൽ മീഡിയയിലൂടെയല്ല കേരളത്തിൻ്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണ്. സാമൂഹ്യ മാധ്യമങ്ങളോട് ബഹുമാനമുണ്ട്, മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വോട്ട് 4ന് മാത്രമേ എണ്ണൂ. വോട്ടെണ്ണലിന് മുന്നേയുള്ള വിവാദങ്ങൾ പ്രവർത്തകരുടെ മനോവീര്യത്തെ ബാധിക്കും. അതേസമയം മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള തർക്കത്തിൽ കെസി വേണുഗോപാലിന്റെയും വിഡി സതീശന്റെയും പേര് മാത്രമേ ചർച്ച ചെയ്യപ്പെടുന്നുളളല്ലോ എന്ന ചോദ്യത്തിന്, ഈ വിവാദങ്ങളിൽ ഒന്നും പങ്കെടുക്കാത്തയാളാണ് താനെന്നും, സ്വയം അനുകൂലിച്ചോ ആർക്കെങ്കിലും എതിരായോ ഒന്നും പറയാറില്ലെന്നും, അതുകൊണ്ട് തനിക്കിത് പറയാൻ കഴിയുമെന്നുമാണ് രമേശ് ചെന്നിത്തല മറുപടി നൽകിയത്. അതേസമയം സുധാകരൻ്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. സുധാകരൻ തന്റെ നല്ല സുഹൃത്താണ് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മത്സരിക്കാത്തയാൾ മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല മറുപടി നൽകി.