രാജസ്ഥാൻ മോഡൽ അത്യാധുനിക ബസ് കാത്തിരിപ്പ് കേന്ദ്രം ഇനി കോട്ടയത്തും; മണർകാട് എരുമപ്പെട്ടി ജംക്‌ഷനിലാണ് പുതിയ മാതൃകയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം യാഥാർത്ഥ്യമാകുന്നത്; പദ്ധതിക്കായി 10 ലക്ഷം രൂപ അനുവദിച്ചു

മണർകാട്: രാജസ്ഥാൻ മോഡൽ അത്യാധുനിക ബസ് കാത്തിരിപ്പ് കേന്ദ്രം ഇനി മണർകാടും. പഞ്ചായത്ത് 13ാം വാർഡിൽ എരുമപ്പെട്ടി ജംക്‌ഷനിലാണ് പുതിയ മാതൃകയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം വരുന്നത്. ഇതിനായി 10 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്തംഗം റെജി എം.ഫിലിപ്പോസ് അറിയിച്ചു.

ഡപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫിസർ പി.കെ.അമാനത്തിന്റെ ആശയമാണ് യാഥാർത്ഥ്യമാകുന്നത്. ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം നേരത്തേ രാജസ്ഥാനിലേക്ക് പഠനയാത്ര നടത്തിയിരുന്നു. ഈ യാത്രയിൽ രാജസ്ഥാനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മാതൃക ഡപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫിസറുടെ ശ്രദ്ധയിൽപെട്ടു.

നേരത്തേ തന്നെ എരുമപ്പെട്ടിയിൽ വെയ്റ്റിങ് ഷെഡിന് തുക അനുവദിച്ചിരുന്നതിനാൽ അവിടെത്തന്നെ ആദ്യം ഇതു നടപ്പാക്കാമെന്നു തീരുമാനിക്കുകയായിരുന്നു. പഞ്ചായത്ത്‌ അസിസ്റ്റന്റ് എൻജിനീയർ എസ്റ്റിമേറ്റും രൂപരേഖയും തയാറാക്കി. ഇതിനു ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു.

ദേശീയപാതാ അതോറിറ്റിയുടെ അനുമതി ലഭിക്കുന്നതോടെ ടെൻഡർ നടപടികൾ ആരംഭിക്കും. വാർഡ് അംഗം രജിത അനീഷ്, അക്ഷര റസിഡന്റ്സ് അസോസിയേഷൻ, കോൺഗ്രസ്‌ ബൂത്ത് പ്രസിഡന്റ്‌ ഡയസ് മാത്യു തുടങ്ങിയവർ നൽകിയ നിവേദനത്തെ തുടർന്നാണ് തുക അനുവദിച്ചതെന്ന് റെജി എം.ഫിലിപ്പോസ് പറഞ്ഞു.

ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കൂര പർഗോള മാതൃകയിലാണ് നിർമിക്കുന്നത്. കാണുമ്പോൾ ഗ്ലാസെന്നു തോന്നിക്കുന്ന പോളികാർബണേറ്റ് ഷീറ്റ്, ട്രഫോഡ് ഷീറ്റ്, മൂന്നിഞ്ച് വീതിയും ഒന്നര ഇഞ്ച് കനവും വരുന്ന ഗാൽവനൈസ്ഡ് അയൺ പൈപ്പ് (ജിപി പൈപ്പ്) എന്നിവയാണ് നിർമാണത്തിനായി ഉപയോഗിക്കുന്നത്.

മൂന്നിഞ്ച് വീതിയിലുള്ള സ്റ്റീൽ സ്ക്വയർ ട്യൂബ് കൊണ്ടാണ് ഇരിപ്പിടം ക്രമീകരിച്ചിരിക്കുക. വനിതകൾക്കും പുരുഷന്മാർക്കും പ്രത്യേക ഇടങ്ങളായിട്ടാണ് രാജസ്ഥാൻ മോഡൽ കാത്തിരിപ്പ് കേന്ദ്രം ഒരുങ്ങുന്നത്. മാർച്ച് 31നു മുൻപ് നിർമാണം പൂർത്തിയാക്കും. കാത്തിരിപ്പ് കേന്ദ്രത്തിൽ സൗജന്യ വൈഫൈ, റേഡിയോ സംവിധാനങ്ങൾ ഭാവിയിൽ ഒരുക്കുമെന്നും ജില്ലാ പഞ്ചായത്തംഗം പറഞ്ഞു.