സംസ്ഥാനത്തെ പഴം, പച്ചക്കറി വില്‍പ്പനക്കാരുടെ ശ്രദ്ധയ്ക്ക്….! ഓര്‍ഗാനിക്കാണെന്ന് പറഞ്ഞ് കീടനാശിനിയടിച്ചുവരുന്ന പച്ചക്കറികള്‍ വില്‍ക്കുന്നവര്‍ക്ക് പണിവരുന്നുണ്ട്; കര്‍ശന നടപടിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പഴം, പച്ചക്കറികളില്‍ വില്‍പ്പന നടത്തുന്ന വ്യാജ ജൈവ ഉല്പന്നങ്ങള്‍ നിയന്ത്രിക്കുന്നതിന് കർശന നടപടി കൈക്കൊള്ളുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന കീടനാശിനി സാന്നിധ്യമുള്ള ഉല്‍പ്പന്നങ്ങളിന്മേലും പരിശോധന നടത്തി നടപടികളുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

നിയമസഭയിലെ ചോദ്യോത്തര വേളയില്‍ ടി.ഐ.മധുസൂദനൻ, തോട്ടത്തില്‍ രവീന്ദ്രൻ തുടങ്ങിയ അംഗങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കൃഷി മന്ത്രി. ജൈവ കാർഷിക മിഷൻ, പോഷക സമൃദ്ധി മിഷൻ എന്നീ പദ്ധതികളിലൂടെ സുരക്ഷിത ആഹാരം ഉല്പാദിപ്പിക്കുന്നതില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണ്.

സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന പഴം, പച്ചക്കറികളില്‍ അവശേഷിക്കുന്നതിനേക്കാള്‍ കീടനാശിനി സാന്നിധ്യം ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പഴം, പച്ചക്കറികളില്‍ ഉണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുള്ളതിനാല്‍ അതിർത്തി കടന്നെത്തുന്ന പഴം, പച്ചക്കറി ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുവാനുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കും.