പെരുമഴ തുടരുന്നു; സംസ്ഥാനത്ത് ഇന്ന് രണ്ട് മരണം; ഒരാളെ ഒഴുക്കില്‍പെട്ട് കാണാതായി; നിരവധി പേര്‍ക്ക് പരിക്ക്; വ്യാപ‌ക നാശനഷ്‌ടം

തിരുവനന്തപുരം: കനത്ത മഴയ്ക്കിടെ സംസ്ഥാനത്തെമ്പാടും വ്യാപക നാശനഷ്ടം.

രണ്ടിടത്തായി രണ്ട് പേർ മരിച്ചു. ഒരാളെ ഒഴുക്കില്‍പെട്ട് കാണാതായി.

പലയിടത്തായി നിരവധി പേർക്ക് പരിക്കേറ്റു. മരങ്ങള്‍ കടപുഴകി വീണും ശിഖരങ്ങള്‍ പൊട്ടി വീണും കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി.

അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. ജില്ലകളിലെല്ലാം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. അപകട സാധ്യതാ മേഖലയില്‍ താമസിക്കുന്നവർ മാറിത്താമസിക്കുകയോ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുകയോ ചെയ്യണം.

ഇടുക്കി കുമളിയില്‍ പാർക്ക് ചെയ്തിരുന്ന ലോറിക്കും ബസിനും മുകളിലേക്ക് മരം ഒടിഞ്ഞു വീണ് ലോറിക്കുള്ളിലുണ്ടായിരുന്നയാള്‍ മരിച്ചു. കാസർകോട് മധുവാഹിനി പുഴയില്‍ തുണിയലക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കില്‍പെട്ട് മരിച്ചു. മല്ലം ക്ഷേത്രത്തിനു സമീപത്തെ ഗോപിക (75) യാണ് മരിച്ചത്.

വീടിന് 20 മീറ്റർ മാത്രം അകലത്തിലുള്ള പുഴയില്‍ തുണി അലക്കാൻ പോയതായിരുന്നു വീട്ടമ്മ. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടർന്ന് നടത്തിയ ത തെരച്ചിലിനൊടുവില്‍ ഒരു കിലോമീറ്റർ ദൂരത്തായാണ് മൃതദേഹം കണ്ടെത്തിയത്