ടവറിനുമുകളില്‍ കയറി വാച്ചറുടെ ആത്മഹത്യ ഭീഷണി; മുള്‍മുനയില്‍ നിര്‍ത്തിയത് മണിക്കൂറുകള്‍; ഒടുവില്‍ താഴെ ഇറക്കി

പത്തനംതിട്ട: ഗവയില്‍ ബിഎസ്‌എന്‍എല്‍ ടവറിന് മുകളില്‍ കയറി അത്മഹത്യ ഭീഷണി മുഴക്കിയ വനംവകുപ്പ് ജീവനക്കാരനെ മണിക്കൂറുകള്‍ നീണ്ട അനുനയ ശ്രമത്തിനൊടുവില്‍ താഴെ ഇറക്കി.

ടവറിന് മുകളില്‍ കയറി മണിക്കൂറുകളോളമാണ് ഇയാള്‍ പൊലീസിനെയും വനംവകുപ്പ് ജീവനക്കാരെയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തിയത്. വനം വികസന ജീവനക്കാരനും വാച്ചറും ഗൈഡും ആയ വര്‍ഗീസ് രാജ് ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

കെഎഫ്ഡിസി ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചു എന്ന വര്‍ഗീസിന്റെ പരാതിയില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ മുന്‍പ് നടപടി എടുത്തിരുന്നു. ചികിത്സ കഴിഞ്ഞ് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ എത്തിയ വര്‍ഗീസ് രാജിന് തുടര്‍ച്ചയായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നുവെന്നും ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നുവെന്നുമാണ് വര്‍ഗീസിന്റെ പരാതി.

ഉച്ചയോടെ ടവറിന് മുകളില്‍ കയറിയ വര്‍ഗീസിനെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ വൈകിട്ടോടെയാണ് അനുനയിപ്പിക്കാനായത്. വൈകിട്ട് നാലോടെ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാം എന്ന് ഉറപ്പില്‍ വര്‍ഗീസ് രാജ് ടവറില്‍ നിന്ന് താഴെ ഇറങ്ങുകയായിരുന്നു.