കോട്ടയം: നാഗമ്പടം റെയിൽവേ മേൽപാലവും സമീപനപാതയും ചേരുന്ന ഭാഗത്തെ ടാറിങ് ഇളകി. അപകടങ്ങൾ പെരുകി. ടാർ ഇളകിയതോടെ റോഡിൽ വലിയ ഗർത്തവും രൂപപ്പെട്ടു. മേൽപാലത്തിന്റെ ഉദ്ഘാടനത്തിനു ശേഷം തൊട്ടടുത്ത നാളുകളിൽ തന്നെ സമീപന പാതയുടെ നിർമാണത്തിലെ പിഴവ് കണ്ടെത്തിയിരുന്നു.
അന്ന് താൽക്കാലികമായി പരിഹരിച്ചെങ്കിലും വീണ്ടും പലപ്പോഴായി ഇവിടം അപകടക്കെണിയാവുകയായിരുന്നു. ഇത്തരത്തിൽ മേൽപാലവും സമീപനപാതകളും തമ്മിൽ ഉയരത്തിൽ ഉണ്ടായ ഏറ്റക്കുറച്ചിലാണ് ഇപ്പോഴും അപകടത്തിനു കാരണം. ഇതുവഴി യാത്രചെയ്യുന്ന ഇരുചക്ര വാഹന യാത്രികർക്കടക്കം അപകട ഭീഷണിയാണ്.
നിലവിൽ മേൽപാലത്തിലെ കോൺക്രീറ്റും തകർന്ന സ്ഥിതിയിലാണ്. പാലത്തിലെ കോൺക്രീറ്റ് പൊളിഞ്ഞുണ്ടായ കുഴികൾ ഏതാനും മാസങ്ങൾക്കു മുൻപ് താൽക്കാലികമായി ടാറിങ് നടത്തി അടച്ചിരുന്നു. എന്നാൽ, പാലത്തിന്റെ മുകൾഭാഗം വീണ്ടും കോൺക്രീറ്റ് ചെയ്താൽ മാത്രമേ അപകടക്കെണി പൂർണമായി മാറ്റാൻ കഴിയൂ.
റെയിൽവേ മേൽപാലത്തിന്റെയും സമീപനപാതയുടെയും അറ്റകുറ്റപ്പണികൾ നടത്തുന്നതിനെ ചൊല്ലി റെയിൽവേയും പൊതുമരാമത്തു വകുപ്പും തമ്മിലുള്ള ശീതസമരമാണ് തിരക്കേറിയ റോഡിലെ ഗതാഗതക്കുരുക്കിനും അപകടത്തിനും കാരണം. മേൽപാലത്തിൽ കാൽനട യാത്രക്കാർക്കുള്ള നടപ്പാതയിലെ സ്ലാബുകളും ഇളകിക്കിടക്കുകയാണ്. ഇതു നന്നാക്കണമെന്ന് പല തവണ ആവശ്യമുയർന്നെങ്കിലും നടപടികൾ ഉണ്ടായിട്ടില്ല. പാലത്തിന്റെ ഇരുവശങ്ങളിലെയും ഭിത്തികൾക്കും വിള്ളലുണ്ട്.
