രാഹുലിന്റെ പ്രചാരണ വീഡിയോ സിപിഎം പേജില്‍ വന്നത് ഹാക്കിംഗ് അല്ല; വീഡിയോ അപ്‌ലോഡ് ചെയ്തത് പേജിന്റെ അഡ്‌മിൻമാരില്‍ ഒരാള്‍; അഡ്‌മിൻ പാനല്‍ അഴിച്ചുപണിത് ജില്ലാ കമ്മിറ്റി

പത്തനംതിട്ട: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പത്തനംതിട്ട സിപിഎമ്മിന്റെ ഫേസ്‌ബുക്ക് പേജില്‍ വന്ന സംഭവം ഹാക്കിംഗ് അല്ലെന്ന് കണ്ടെത്തി.

പേജിന്റെ അഡ്‌മിൻമാരില്‍ ഒരാള്‍ തന്നെയാണ് വീഡിയോ അപ്‌ലോഡ് ചെയ്‌തതെന്നാണ് വ്യക്തമായിരിക്കുന്നത്. തുടർന്ന് അഡ്‌മിൻ പാനല്‍ ജില്ലാ കമ്മിറ്റി ഉടൻ അഴിച്ചുപണിതിരുന്നു.

പാലക്കാട് എന്ന സ്‌നേഹവിസ്‌മയം എന്നുള്ള തലവാചകത്തോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രമോഷൻ വീഡിയോ സിപിഎം പത്തനംതിട്ട നേതൃത്വത്തിന്റെ പേരിലെന്ന് സൂചനയുള്ള പേജില്‍ വന്നത്. സംഭവം ഹാക്കിംഗ് ആണെന്നായിരുന്നു സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പ്രതികരിച്ചത്.

അതേസമയം ഇത് ഹാക്കിംഗ് അല്ലെന്നും സിപിഎം പ്രവർത്തകർ തനിക്കുനല്‍കിയ പിന്തുണ ആണെന്നുമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിപ്രായം. ഹാക്കിംഗ് ആണെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കുമെന്നാണ് കെ.പി ഉദയഭാനു അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ ജില്ലാ നേതൃത്വം പൊലീസില്‍ പരാതിപ്പെട്ടിട്ടില്ല എന്നാണ് വിവരം.

സംഭവത്തില്‍ സിപിഎം സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയോട് വിശദീകരണം തേടിയിരുന്നു. അതേസമയം രാഹുലിന്റെ വീഡിയോ സിപിഎം പേജില്‍ വന്നത് സിപിഎം-കോണ്‍ഗ്രസ് ഡീലിന്റെ ഭാഗമാണെന്നും പാലക്കാട്ടെ ജനങ്ങള്‍ ഇത് തിരിച്ചറിയുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു.