തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സംസ്‌കാരം ഇന്ന്. സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ വീട്ടിലെത്തിക്കും.
നാമജപ ഘോഷയാത്രയായിട്ടായിരിക്കും മൃതദേഹം കൊണ്ടുവരികയെന്നാണ് വിവരം. അതിനുശേഷം പൊതുദർശനത്തിന് വയ്ക്കും.
മൂന്ന് മണിയോടെ മതാചാര്യന്മാരുടെ സാന്നിദ്ധ്യത്തില്‍ മഹാസമാധി നടത്തുമെന്ന് കുടുംബം അറിയിച്ചു. ഗോപൻ സ്വാമിക്കായി കുടുംബം പുതിയ കല്ലറയൊരുക്കിയിട്ടുണ്ട്. “ഋഷിപീഠം” എന്നാണ് നാമകരണം ചെയ്‌തിരിക്കുന്നത്. ഇതിനുനടുവിലായി ഒരു കല്ല് വച്ചിട്ടുണ്ട്. ഇതില്‍ ഗോപൻ സ്വാമിയെ ഇരുത്തും. നേരത്തെ ഒരുക്കിയ കല്ലറയ്ക്ക് സമീപമാണ് പുതിയ കല്ലറയൊരുക്കിയതെന്നാണ് വിവരം.
നിലവില്‍ നെയ്യാറ്റിൻകര പൊലീസാണ് വിവാദത്തെക്കുറിച്ച് അന്വേഷിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും മൊഴി വീണ്ടും രേഖപ്പെടുത്തും. ഗോപൻ സ്വാമിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം, ഫോറൻസിക്, പത്തോളജി റിപ്പോർട്ടുകളും വരും ദിവസങ്ങളിലേ ലഭിക്കുകയുള്ളൂ. പ്രാഥമിക റിപ്പോർട്ടുകളില്‍ ദുരൂഹതയില്ലാത്തതിനാല്‍ അത് സാങ്കേതിക നടപടികള്‍ മാത്രമാണെന്നും മൃതദേഹം വിട്ടുനല്‍കുന്നതിന് തടസമില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ നേരത്തെ വ്യക്തമാക്കിയിരുന്നു.
