കോട്ടയം: കുട്ടികള്‍ക്ക് ആദ്യ ഭക്ഷണമായി കൊടുത്തു തുടങ്ങുന്നത് റാഗി അഥവ പഞ്ഞപ്പുല്ലാണ്. കാല്‍സ്യം പൊട്ടാസ്യം എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ഈ ധാന്യം.
കുട്ടികള്‍ക്കു മാത്രമല്ല ആരോഗ്യം മെച്ചപ്പെടുത്താൻ മുതിർന്നവർക്കും ഇത് കഴിക്കുന്നത് ശീലമാക്കാം. പ്രമേഹം, കൊളസ്ട്രോള്‍, എന്നിവ കുറയ്ക്കുന്നതു കൂടാതെ ദഹന സഹായി കൂടിയാണിത്. മലബന്ധം, വയറു വീർക്കല്‍ എന്നിങ്ങനെ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ തടയാൻ ഇത് ഫലപ്രദമാണ്. വിശപ്പ് ശമിപ്പിച്ച് ഭക്ഷണം അമിതായി കഴിക്കുന്നത് ഒഴിവാക്കുന്നതിലൂടെ ശരീരഭാര നിയന്ത്രണത്തിനും റാഗി ഗുണം ചെയ്യും. എങ്കിലിനി റാഗി ഉപയോഗിച്ച് ഒരു ജ്യൂസ് തയ്യാറാക്കിയാലോ?.
ചേരുവകള്‍
റാഗി
തേങ്ങ
ശർക്കര
ഏലയ്ക്ക
വെള്ളം
കശുവണ്ടി
ബദാം
തയ്യാറാക്കുന്നവിധം
അടി കട്ടിയുള്ള ഒരു പാത്രത്തില്‍ റാഗിയെടുക്കാം.
തുടർന്ന് റാഗി കുറഞ്ഞ ഫ്ലെയ്മില്‍ നാല് മുതല്‍ അഞ്ചു മിനിറ്റു വരെ അടുപ്പില്‍ വെച്ച് വറുത്തെടുക്കാം.
വറുത്തെടുത്ത റാഗി വെള്ളത്തില്‍ കഴുകിയെടുത്ത് മിക്സി ജാറിലേയ്ക്കു മാറ്റാം.
അതിലേയ്ക്ക് ഒരു പിടി തേങ്ങ ചിരകിയത്, മധുരത്തിനാവശ്യമായ ശർക്കര, നാല് ഏലയ്ക്ക മുക്കാല്‍ കപ്പ് വെള്ളം എന്നിവ കൂടി ചേർത്തു നന്നായി ബ്ലെൻ്റ് ചെയ്യാം.
ബ്ലെൻ്റ് ചെയ്തെടുത്ത റാഗി മറ്റൊരു പാത്രത്തിലേയ്ക്ക് കുറച്ചു വെള്ളംകൂടി ചേർത്തു മൂന്നു തവണയായി അരിച്ചെടുത്തുവെയ്ക്കാം.
വെള്ളത്തില്‍ കുതിർത്തു വെച്ചിരുന്ന പത്തു കശുവണ്ടി, ബദാം എന്നിവ മിക്സിയില്‍ അരച്ചെടുത്ത് ജ്യൂസിലേയ്ക്കു ചേർക്കാം. തണുപ്പിച്ചോ അല്ലാതെയോ കുടിക്കാം ഈ ഹെല്‍ത്തി റാഗി ജ്യൂസ്.
