വജ്രം, സ്വര്‍ണം, വെള്ളി…; ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്ന് 31,17,100 രൂപയുടെ ആഭരണം മോഷ്ടിച്ച ഹോം നഴ്സ് കൈയോടെ പിടിയില്‍

ഉഡുപ്പി: ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്ന് 31,17,100 രൂപയുടെ സ്വർണവും വജ്രാഭരണങ്ങളും മോഷ്ടിച്ച ഹോം നഴ്‌സിനെ ഉഡുപ്പി ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.

സ്വർണം, വെള്ളി, വജ്രം ആഭരണങ്ങളാണ് ഇയാള്‍ മോഷ്ടിച്ചത്. താമസസ്ഥലത്ത് ഹോം നഴ്‌സായി ജോലി ചെയ്തിരുന്ന സിദ്ധപ്പ കെ കോഡ്‌ലിയാണ് അറസ്റ്റിലായത്. നവംബർ 17 നായിരുന്നു മോഷണം.

ഏകദേശം 427 ഗ്രാം ഭാരമുള്ള ആഭരണം സ്വീകരണമുറിയിലെ ഗ്ലാസ് കാബിനറ്റില്‍ നിന്നും കിടപ്പുമുറിയിലെ അലമാരയില്‍ നിന്നുമാണ് ഇയാള്‍ കൈക്കലാക്കിയത്.
സംഭവത്തില്‍ ഉഡുപ്പി ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇൻസ്‌പെക്ടർ രാമചന്ദ്ര നായക്കിൻ്റെ നേതൃത്വത്തില്‍ പിഎസ്‌ഐ ഈരണ്ണ ഷിറഗുമ്ബി, ഉഡുപ്പി ടൗണ്‍ പൊലീസ് സ്റ്റേഷനിലെ പിഎസ്‌ഐ പുനീത്, ഉഡുപ്പി സിഇഎൻ പൊലീസ് സ്റ്റേഷനിലെ പിഎസ്‌ഐ പവൻകുമാർ എന്നിവരും ഉദ്യോഗസ്ഥരായ അബ്ദുള്‍ ബഷീർ, സന്തോഷ്, ചേതൻ, പ്രവീണ്‍ കുമാർ, പ്രവീണ്‍ എന്നിവരും ഉള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ കണ്ടെത്തിയതും മോഷ്ടിച്ച സ്വത്തുക്കള്‍ വീണ്ടെടുക്കുകയും ചെയ്തത്.

പ്രതിയുടെ താമസ സ്ഥലത്തുനിന്നാണ് മോഷണ മുതല്‍ കണ്ടെടുത്തത്. തുടർ നടപടികള്‍ക്കായി പ്രതിയെ കോടതിയില്‍ ഹാജരാക്കി.