നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിഡി സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’; ഫെബ്രുവരി 6 മുതൽ മാർച്ച് 6 വരെ

പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന യുഡിഎഫ് രാഷ്ട്രീയ ജാഥക്ക് പേരായി. ‘പുതുയുഗ യാത്ര’ എന്ന പേരിലാണ് യാത്ര. കേരളത്തെ വീണ്ടെടുക്കാൻ യുഡിഎഫ് എന്നതായിരിക്കും യാത്രയുടെ തീം. ഫെബ്രുവരി 6 മുതൽ മാർച്ച് 6 വരെയാണ് യാത്ര. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കാണ് യാത്ര. കേരളത്തിലെ 14 ജില്ലകളിലൂടെയും കടന്നുപോകുന്ന ഈ ബൃഹത്തായ പര്യടനം ഒരു മാസം നീണ്ടുനില്‍ക്കും. ഫെബ്രുവരി 6 വെള്ളിയാഴ്ച ആരംഭിക്കുന്ന ജാഥയുടെ സമാപനം മാർച്ച്‌ 6ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന മഹാസമ്മേളനത്തോടെയായിരിക്കും.

കാസർഗോഡ് നിന്ന് ആരംഭിക്കുന്ന ജാഥ ഫെബ്രുവരി ഏഴിന് കണ്ണൂരിലും 10ന് വയനാട്ടിലും പര്യടനം നടത്തും. ഫെബ്രുവരി 11ന് കോഴിക്കോട് എത്തുന്ന ജാഥ 13ന് മലപ്പുറത്തും 16ന് പാലക്കാട്ടും വൻ ജനകീയ പങ്കാളിത്തത്തോടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങും. ഫെബ്രുവരി 18ന് തൃശൂരിലെ പര്യടനം പൂർത്തിയാക്കി 20ന് എറണാകുളം ജില്ലയില്‍ പ്രവേശിക്കുന്ന ജാഥയ്ക്ക് അവിടെ രണ്ട് ദിവസത്തെ വിപുലമായ സ്വീകരണ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. തുടർന്ന് ഫെബ്രുവരി 23ന് ഇടുക്കി, 25ന് കോട്ടയം, 26ന് ആലപ്പുഴ, 27ന് പത്തനംതിട്ട, 28ന് കൊല്ലം എന്നിങ്ങനെ ദക്ഷിണ കേരളത്തിലെ വിവിധ ജില്ലകളിലൂടെ ജാഥ പ്രയാണം തുടരും. മാർച്ച്‌ നാലിന് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് പ്രവേശിക്കുന്ന ജാഥ, വിവിധ മണ്ഡലങ്ങളിലെ പര്യടനങ്ങള്‍ക്ക് ശേഷം മാർച്ച്‌ ആറിന് പുത്തരിക്കണ്ടം മൈതാനിയിലെ മഹാസമ്മേളനത്തോടെ ഔദ്യോഗികമായി സമാപിക്കും.