ലീഡ് 36454; പുതുപ്പള്ളിയില്‍ യുഡിഎഫിനു ചരിത്രജയം; ചാണ്ടി ഉമ്മന്റെ ജനസമ്പര്‍ക്കം തുടരും

സ്വന്തം ലേഖകൻ

പുതുപ്പള്ളി: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് ചരിത്ര വിജയം.പുതുപ്പളളിയില്‍ ചാണ്ടി ഉമ്മന് ചരിത്രജയം. 36454 വോട്ടിന്റെ ലീഡാണ് യുഡിഎഫ് സ്ഥാനാര്‍ഥി നേടിയത്. ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് മറികടന്നു . 2011ല്‍ ഉമ്മന്‍ ചാണ്ടി നേടിയത് 33,255 വോട്ടിന്റെ ലീഡായിരുന്നു. വോട്ടെണ്ണല്‍ പൂര്‍ത്തിയായി . കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളെക്കാള്‍ യു.ഡി.എഫിന്റെ മികച്ച പ്രകടനമാണിത്. .

തിരഞ്ഞെടുപ്പ് ഫലം എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസിന് ഹാട്രിക് തോൽവിയായി. പുതുപ്പള്ളിയിൽ നിന്ന് 2016ലെയും 2021ലെയും തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയോട് ജെയ്ക് തോറ്റിരുന്നു. ഈ തിരഞ്ഞെടുപ്പിൽ, ജെയ്ക് 2 തവണ അച്ഛനോടു മത്സരിച്ച ശേഷം മകനോട് മത്സരിച്ചു എന്ന പ്രത്യേകതയുമുണ്ടായി.

7 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ലൂക്ക് തോമസ് (എഎപി), പി.കെ.ദേവദാസ് (സ്വതന്ത്ര സ്ഥാനാർഥി), ഷാജി (സ്വതന്ത്ര സ്ഥാനാർഥി), സന്തോഷ് ജോസഫ് (സന്തോഷ് പുളിക്കൽ – സ്വതന്ത്ര സ്ഥാനാർഥി) എന്നിവരാണ് മറ്റുസ്ഥാനാർഥികൾ. ഉമ്മൻ ചാണ്ടി മുഖ്യചർച്ചാവിഷയമായ തിരഞ്ഞെടുപ്പിൽ വികസനവും വിവാദങ്ങളും ഒപ്പം ഉയർന്നിരുന്നു.

മുൻമുഖ്യമന്ത്രിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ സ്ഥാനാർഥിയായി എന്ന അപൂർവതയ്ക്കും പുതുപ്പള്ളി സാക്ഷ്യം വഹിച്ചു. 1970 മുതൽ 53 വർഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ചത് ഉമ്മൻ ചാണ്ടിയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽക്കാലം എംഎൽഎ ആയിരുന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്. ജൂലൈ 18നാണ് ഉമ്മൻ ചാണ്ടി അന്തരിച്ചത്. 72.86% പേർ വോട്ട് ചെയ്തെന്ന് ഔദ്യോഗിക കണക്ക്.