തലയോലപ്പറമ്പിൽ ഹെല്‍മറ്റ് വലിച്ചെറിഞ്ഞ് കെഎസ്ആർടിസി ബസിന്‍റെ ഗ്ലാസ്സ് പൊട്ടിച്ചു; യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖിക

വൈക്കം: തലയോലപ്പറമ്പ് കെ.ആർ ഓഡിറ്റോറിയത്തിന് സമീപത്തുള്ള റോഡിൽ വെച്ച് കെഎസ്ആർടിസി ബസിലേക്ക് ഹെല്‍മറ്റ് വലിച്ചെറിഞ്ഞ് ബസിന്റെ ഗ്ലാസ്സ് പൊട്ടിച്ചയാളെ തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.

തലയോലപ്പറമ്പ് ഇടവട്ടം തെക്കേകണ്ടത്തില്‍‍ വീട്ടിൽ അനുന്‍ പ്രകാശ് (33) നെയാണ് പോലീസ്‌ അറസ്റ്റ് ചെയ്തത്.

കോട്ടയത്തു നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസ്സിന്റെ ചില്ലുകൾ ആണ് എതിർ ദിശയിൽ വന്ന ബൈക്ക് യാത്രികനായ ഇയാൾ എറിഞ്ഞു പൊട്ടിച്ചത്. തുടർന്ന് ബൈക്ക് നിർത്താതെ സ്ഥലത്തുനിന്നും കടന്നു കളയുകയായിരുന്നു.

ബസ്സിലെ ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ ഇയാളെ പിടികൂടുകയായിരുന്നു.

തലയോലപ്പറമ്പ് പോലീസ്‌ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ദിപു.ടി.ആറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.