‘പ്രതിച്ചേർത്തതിൽ മുഖ്യമന്ത്രിയുടെ സമ്മർദം ഉണ്ട്’; ശബരിമല സ്വർണക്കൊള്ള കേസിൽ നിയമപരമായി മുന്നോട്ട് പോകുമെന്ന് പിഎസ് പ്രശാന്ത്

തിരുവനന്തപുരം : ശബരിമല സ്വർണ്ണകൊള്ള കേസിൽ പ്രതിച്ചേർത്തതിൽ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പിഎസ് പ്രശാന്ത്. പ്രതിച്ചേർത്തത്തിൽ മുഖ്യമന്ത്രിയുടെ സമ്മർദം ഉണ്ടെന്ന് അദേഹം ആരോപിച്ചു. നിയമപരമായി ആലോചിച്ച് മുന്നോട്ട് പോകും. കേസിൽ പ്രതിച്ചേർത്തെന്ന വാർത്ത അപ്രതീക്ഷിതമായിരുന്നുവെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു. 2025 ൽ കൃത്യമായ നടപടിക്രമം പാലിച്ചു. കോടതിയെ അറിയിക്കാതെ കൊണ്ടുപോയി എന്നത് മാത്രമാണ് ആക്ഷേപമെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.

2025 ഇൽ സ്വർണ്ണപ്പാളികൾ എങ്ങനെ കൊണ്ടുപോയി എന്ന് എല്ലാവർക്കും അറിയാം. ദ്വാരപാലകശില്പ പാളികൾ അഴിച്ച ശേഷമാണ് സ്പെഷ്യൽ കമ്മീഷണറെ അറിയിക്കണമെന്ന ഉത്തരവ് ശ്രദ്ധയിൽപ്പെടുന്നത്. ഉടനെ വിവരം അറിയിച്ചിരുന്നു. കൊണ്ടുപോകരുതെന്ന് സ്പെഷ്യൽ കമ്മീഷണർ പറഞ്ഞില്ല. കോടതി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ നിർത്തിയെന്നും കോടതിയോട് മാപ്പും പറഞ്ഞിരുന്നുവെന്നും പി എസ് പ്രശാന്ത് വിശദീകരിച്ചു.

ബോർഡ് കോടതിയിൽ നൽകിയ 2019ലെ ഫയലിൽ നിന്നാണ് ഈ കൊള്ളയുടെ എല്ലാ വിവരങ്ങളും പുറത്തുവരുന്നത്. ഞങ്ങൾക്ക് ഒന്നും മറക്കാനില്ലായിരുന്നു. ദേവസ്വം ബോർഡാണ് സമഗ്ര അന്വേഷണം കോടതിയോട് ആവശ്യപ്പെട്ടതെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു.