കട്ടപ്പന റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപകൻ തൂങ്ങിമരിച്ച സംഭവം: ഒമ്പത് പേരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷിക്കും; നടപടി വ്യാവസായി സംഘടനാ നേതാക്കളും വിവിധ പാർട്ടികളിലെ നേതാക്കളും പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ

ഇടുക്കി: സാബു തോമസിന്റെ ആത്മഹത്യ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. കട്ടപ്പന, തങ്കമണി സിഐമാരുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം. സാബുവിന്റെ ആത്മഹത്യയിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വ്യാവസായി സംഘടനാ നേതാക്കളും വിവിധ പാർട്ടികളിലെ നേതാക്കളും പോലീസിന് പരാതി നൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. ഒമ്പതംഗ സംഘം കേസ് അന്വേഷിക്കും. ആദ്യഘട്ടത്തിൽ സാബുവിന്റെ ഭാര്യയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഇതോടൊപ്പം മറ്റ് ബന്ധുക്കളുടെയും ബാങ്കിലെ ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു.

ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. ഇടുക്കി ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. കട്ടപ്പനയിലെ സിപിഎം മുൻ ഏരിയ സെക്രട്ടറിയും സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായിരുന്ന വി. ആർ സജി, സാബുവിനെ ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും അന്വേഷണം നടക്കും.

ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് സാബുവിനെ കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ ചികിത്സാ ചെലവുകൾക്കായി നിക്ഷേപ തുക തിരിച്ച് ചോദിച്ചപ്പോൾ ബാങ്ക് ജീവനക്കാർ അപമാനിച്ചുവെന്നാണ് ഉയരുന്ന ആരോപണം.

സാബുവിനെ പിടിച്ചു തള്ളിയെന്നും പിന്നാലെ സജി വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും മൊഴിയുണ്ട്. മൃതദേഹത്തിൽ നിന്നും ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിരുന്നു. ഭാര്യയുടെ ചികിത്സാ ആവശ്യത്തിനായിട്ടാണ് സൊസൈറ്റിയിൽ നിക്ഷേപിച്ച പണം സാബു തിരിച്ച് ചോദിച്ചത്. പല തവണ തരാമെന്ന് പറഞ്ഞിട്ടും പണം നൽകിയില്ല. ഇതിനൊടുവിലാണ് അപമാനിക്കാനും ശ്രമിച്ചത്.